നാഫോ ഗ്ലോബൽ ‘സ്നേഹസ്പർശം’ പദ്ധതി ഉദ്ഘാടനത്തിൽ വിജയൻ നായർ നിലവിളക്ക് കൊളുത്തുന്നു
കുവൈത്ത് സിറ്റി: നാഫോ ഗ്ലോബൽ 20ാം വാർഷികത്തോടനുബന്ധിച്ച് 20 സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നു. 35 ലക്ഷം രൂപ ചെലവഴിച്ചാണ് 135ൽപരം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ സഹായം ലഭ്യമാക്കുന്നത്. പ്ലസ് വൺ മുതൽ ബിരുദാനന്ത ബിരുദം വരെയുള്ള വിദ്യാർഥികൾക്കുള്ള ധനസഹായം, പ്രൈമറി മിഡിൽ സ്കൂൾ വിദ്യാർഥികൾക്ക് പഠന കിറ്റ്, സ്മാർട്ട് ഫോൺ, സ്പെഷലൈസ്ഡ് വിദ്യാലയങ്ങൾക്ക് ഇന്ററാക്ടിവ് സ്മാർട്ട് ബോർഡ്, ഉച്ചഭക്ഷണ പദ്ധതികൾക്കുള്ള യന്ത്രോപകരണങ്ങൾ തുടങ്ങിയവ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കും. ബധിര വിദ്യാർഥികൾക്ക് ശ്രവണ സഹായ ഉപകരണം, മുച്ചുണ്ട് ശസ്ത്രക്രിയക്കുള്ള ധന സഹായം, യന്ത്രവത്കൃത വീൽചെയർ, ഹരിതകർമസേനക്ക് സാനിറ്ററി കിറ്റ്, അപകടങ്ങളിൽപ്പെട്ട് കിടപ്പു രോഗികളായ യുവജനങ്ങൾക്കുള്ള സഹായം, ഡയാലിസിസ് സഹായം, അർബുദ ചികിത്സ സഹായം എന്നിവ ആരോഗ്യ രംഗത്ത് നടപ്പിൽ വരുത്തും.
വയോധികർക്ക് തിമിര ശസ്ത്രക്രിയ, സ്ത്രീകൾക്ക് പ്രതിമാസ പെൻഷൻ, ശരണാലയങ്ങളിലെ അന്തേവാസികൾക്ക് വസ്ത്രം, മരുന്ന്, പോഷകാഹാരം എന്നിവ വയോജന ക്ഷേമത്തിനായി നടപ്പാക്കും. അഗതി മന്ദിരങ്ങളിലെ യുവതികൾക്ക് വിവാഹ ധനസഹായം, ദരിദ്ര കുടുംബങ്ങൾക്കുള്ള പാർപ്പിട നിർമാണം, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ജ്യോതി ശാസ്ത്ര പരീക്ഷണ ലബോറട്ടറികൾ, പഠനത്തിൽ സമർഥരായ അനാഥ കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുക എന്നീ പ്രത്യേക ക്ഷേമ സുരക്ഷ പദ്ധതികളും ഇരുപതിന പദ്ധതികളുടെ ഭാഗമാണ്. നാഫോ സ്നേഹസ്പർശം അധ്യക്ഷൻ വിജയകുമാർ മേനോൻ പദ്ധതി പ്രഖ്യാപിച്ചു. നാഫോ ഗ്ലോബൽ സെക്രട്ടറി എം.എസ്. നായർ, വിജയൻ നായർ എന്നിവർ പങ്കെടുത്തു. www.nafoglobal.com വഴി അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.