വാണിജ്യ വ്യവസായ മന്ത്രാലയ സംഘം
കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്കൂൾ സാധനങ്ങൾ വിൽക്കുന്ന കടകളിലും ഔട്ട്ലെറ്റുകളിലും വാണിജ്യ വ്യവസായ മന്ത്രാലയം മിന്നൽ പരിശോധന. സ്കൂൾ ബാഗുകൾ, സ്റ്റേഷനറികൾ, യൂനിഫോമുകൾ, അനുബന്ധ വസ്തുക്കൾ എന്നിവ ഇൻസ്പെക്ടർമാർ പരിശോധിച്ച് നിലവാരം വിലയിരുത്തി. സാധനങ്ങളുടെ വില, സ്റ്റേഷനറി ഇനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും വിദ്യാർഥികൾക്ക് ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന വ്യാജ ഉൽപന്നങ്ങൾ ഇല്ലെന്നും ഉറപ്പുവരുത്തി.
ഉപഭോക്താക്കളെ സംരക്ഷിക്കുകയും കുടുംബങ്ങൾക്ക് ന്യായമായ വിലക്ക് സുരക്ഷിതമായ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പരിശോധനയുടെ ലക്ഷ്യമെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. അന്യായമായ വില, വ്യാജ ഉൽപന്നങ്ങൾ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത വസ്തുക്കൾ എന്നിവക്കെതിരെ കർശന നടപടിയെടുക്കും.
മാർക്കറ്റ് നിരീക്ഷണം ദിവസവും 24 മണിക്കൂറും തുടരുന്നുണ്ട്. രക്ഷിതാക്കളിൽനിന്നുള്ള പരാതികൾ ഉടനടി പരിഹരിക്കുന്നുണ്ടെന്നും അൽ അൻസാരി ചൂണ്ടിക്കാട്ടി. ലംഘനങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ, ഇലക്ട്രോണിക് ആപ്ലിക്കേഷൻ എന്നിവ വഴി റിപ്പോർട്ട് ചെയ്യണമെന്നും ഉപഭോക്താക്കളെ ഉണർത്തി. വിപണി ശക്തമായ നിരീക്ഷണത്തിലാണെന്നും ഉപഭോക്താവിനാണ് പ്രഥമ പരിഗണനയെന്നും അൽ അൻസാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.