പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതിയിൽ
ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: റമദാൻ മാസത്തിന്റെ ആരംഭത്തിൽ ആശംസകൾ നേർന്ന് കുവൈത്ത് മന്ത്രിസഭ. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, കുവൈത്തിലെ ജനങ്ങൾ എന്നിവർക്ക് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതിയിൽ ചേർന്ന യോഗം ഊഷ്മളമായ റമദാൻ ആശംസകൾ അറിയിച്ചു. അറബ്, ഇസ്ലാമിക രാജ്യങ്ങൾക്ക് സുരക്ഷ, സമൃദ്ധി എന്നിവ തുടരാനാകട്ടെ എന്നും വ്യക്തമാക്കി.
62-ാമത് മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രി മന്ത്രിസഭയിൽ വിശദീകരിച്ചു.
അന്താരാഷ്ട്ര ബന്ധങ്ങൾ തുറക്കുന്നതിനും, സംഭാഷണത്തിലൂടെ സംഘർഷ പരിഹാരം കണ്ടെത്തുന്നതിനും, ആഗോള സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചർച്ചകളും അദ്ദേഹം എടുത്തുപറഞ്ഞു.
ഗതാഗത വെല്ലുവിളികൾ നേരിടുന്നതിനായി കെട്ടിട കോഡുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള മുനിസിപ്പൽ കാര്യ, ഭവന സഹമന്ത്രി അബ്ദുൽ ലത്തീഫ് അൽ മഷാരിയുടെ അവതരണം മന്ത്രിസഭ അവലോകനം ചെയ്തു. നഗര ആസൂത്രണവും നിയന്ത്രണ പരിഹാരങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള കുവൈത്ത് മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ സംരംഭങ്ങളുടെ ഭാഗമാണ് ഈ ശ്രമങ്ങളെന്ന് മന്ത്രി അൽ മഷാരി പറഞ്ഞു.
മനുഷ്യക്കടത്തും കുടിയേറ്റക്കാരുടെ കള്ളക്കടത്തും തടയുന്നതിനുള്ള ദേശീയ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അവതരിപ്പിച്ചു. കൂടുതൽ പഠനത്തിനും നടപടികൾക്കുമായി മന്ത്രിസഭ റിപ്പോർട്ട് നിയമകാര്യ മന്ത്രിതല സമിതിക്ക് അയച്ചു.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) യോഗത്തിൽ കുവൈത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.