കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനറൽ ട്രാഫിക് വകുപ്പ് ഗതാഗത, സുരക്ഷ പരിശോധന ശക്തമാക്കി. നിയമലംഘകരെയും പിടികൂടൽ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കൽ, നിയമവാഴ്ച ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമായാണ് നടപടി.
ഈ മാസം അഞ്ചു മുതൽ 13 വരെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 19 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. 45 അശ്രദ്ധമായ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. 24,855 ട്രാഫിക് ക്വട്ടേഷനുകൾ പുറപ്പെടുവിക്കുകയും 122 പേരെ പിടികൂടുകയും ചെയ്തു. ഇതേ കാലയളവിൽ, 1,588 ട്രാഫിക് അപകടങ്ങൾ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു. ഇതിൽ ചെറിയ കൂട്ടിയിടികളും, ചെറിയ നാശനഷ്ടങ്ങളും, പരിക്കുകളോ മരണങ്ങളോ ഉണ്ടാക്കിയ അപകടങ്ങളും ഉൾപ്പെടുന്നു.
22,970 നിയമലംഘനങ്ങൾ പരിശോധനയിൽ രേഖപ്പെടുത്തി. 322 വാഹനങ്ങളും 59 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. റെസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ടതിന് 38 വ്യക്തികളെ അറസ്റ്റ് ചെയ്തു. ഒളിച്ചോടിയവരും അറസ്റ്റ് വാറണ്ടുകൾ നിലനിൽക്കുന്നതുമായ 58 പേരെയും അറസ്റ്റ് ചെയ്തു. 20 വാഹനങ്ങൾ പിടിച്ചെടുത്തു.
ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം
റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ കുവൈത്തില്‍ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തുടനീളമുള്ള റോഡുകളിൽ രാവിലെ 8.30 മുതൽ 10.30 വരെയും ഉച്ചക്ക് 12.30 മുതൽ 3 വരെ ട്രക്കുകൾക്ക് നിരോധനമുണ്ടാകും.
ഗതാഗതക്കുരുക്ക് കുറക്കാനും വാഹന ഗതാഗതം സുഗമമാക്കാനുമാണ് നടപടി. റമദാൻ കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സമയപരിധി പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.