കുവൈത്ത് സിറ്റി: വേദിയും മത്സരാർഥികളും ഒരുങ്ങി. ഇനി പാട്ടുത്സവത്തിന്റെ നാളുകൾ. ഗൾഫ്മാധ്യമം-മെട്രോ മെഡിക്കൽ ‘സിങ് കുവൈത്തി’ലൂടെ കുവൈത്തിലെ മികച്ച പാട്ടുകാരാകാൻ അന്തിമ പോരാട്ടത്തിൽ അണിനിരക്കുന്നവരെ ഇന്ന് നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും.
അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ ഉച്ചകഴിഞ്ഞ് മത്സരം ആരംഭിക്കും. പ്രാഥമിക റൗണ്ടിലേക്ക് അപേക്ഷ ലഭിച്ച ആയിരത്തോളം പേരിൽനിന്ന് തെരഞ്ഞെടുത്ത 30 പേരാണ് സെമിഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്. ഉച്ചക്കുശേഷം രണ്ടിന് മത്സരം ആരംഭിക്കും.
കിഡ്സ് വിഭാഗത്തിലുള്ളവർ 1.30നും സീനിയർ വിഭാഗത്തിലുള്ളവർ 2.30നും റിപ്പോർട്ട് ചെയ്യണം. മത്സരം സംബന്ധിച്ച നിർദേശങ്ങൾ പങ്കെടുക്കുന്നവർ കർശനമായി പാലിക്കണം.
സീനിയർ, കിഡ്സ് വിഭാഗത്തിൽനിന്ന് 20 പേരെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും.
ഇവരിൽനിന്ന് സമൂഹമാധ്യമങ്ങളുടെ കൂടി പിന്തുണയിൽ മുന്നിലെത്തുന്ന 10 പേരാകും ഫൈനൽ റൗണ്ടിൽ മാറ്റുരക്കുക.
ഡിസംബർ അഞ്ചിന് അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിലാണ് ഫൈനൽ മത്സരം. പ്രശസ്ത ഗായകരായ കണ്ണൂർ ഷരീഫ്, ജ്യോത്സ്ന, സിജു സിയാൻ എന്നിവർ ഫൈനലിലെ വിജയികളെ നിർണയിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. പ്രിയ ഗായകർക്കൊപ്പം വേദിയിൽ പാടാനും അവസരം ഉണ്ടാകും. അവതാരക ഡയാന ഹമീദും സന്തോഷത്തിൽ പങ്കുചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.