പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിസഭ യോഗം
ദേശീയ-വിമോചന ദിനം 25-26 തീയതികളിൽ അവധി
കുവൈത്ത് സിറ്റി: ദേശീയ -വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 25, 26 തിയതികളിൽ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു.
ഈ ദിവസം എല്ലാ സർക്കാർ ഏജൻസികളിലെയും പൊതു സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. 25, 26 ബുധൻ, വ്യാഴം ആയതിനാൽ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി എന്നിവ കഴിഞ്ഞ് മാർച്ച് ഒന്ന് ഞായറാഴ്ചയാകും ഔദ്യോഗിക പ്രവൃത്തികൾ പുനരാരംഭിക്കുക. എന്നാൽ, അടിയന്തര സ്വഭാവമുള്ള സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കും.
ബയാൻ പാലസിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷതവഹിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ രക്ഷാകർതൃത്വത്തിൽ നടന്ന ദീര അൽ-ഖൈർ (നന്മയുടെ നാട്) എന്ന ഓപ്പറേറ്റയെയും മന്ത്രിസഭ പ്രശംസിച്ചു.
ഗാർഹിക പീഡനത്തിൽ നിന്നുള്ള സംരക്ഷണം സംബന്ധിച്ച 2020 ലെ 16ാം നമ്പർ നിയമം ഭേദഗതി ചെയ്യുന്ന കരട് ഡിക്രി-നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
മന്ത്രിതല സമിതികൾ പുനഃക്രമീകരിക്കുന്നതിനുള്ള തീരുമാനങ്ങൾക്കൊപ്പം, മന്ത്രിതല പ്രതിനിധി സംഘങ്ങളെയും മന്ത്രിതല പരിഹാരങ്ങളെയും കുറിച്ചുള്ള കരട് നിയമങ്ങളും അംഗീകരിച്ചു. പൗരത്വം നഷ്ടപ്പെടൽ പിൻവലിക്കൽ കേസുകൾ ഉൾപ്പെടുന്ന സുപ്രീം കമ്മിറ്റി ഫോർ കുവൈത്ത് നാഷനാലിറ്റി ഇൻവെസ്റ്റിഗേഷന്റെ മിനിറ്റ്സും മന്ത്രിസഭ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.