കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി പബ്ലിക് മാൻപവർ അതോറിറ്റി പുതിയ പോർട്ടൽ ആരംഭിച്ചു. അപേക്ഷകളുടെ ട്രാക്കിങ്, തൊഴിൽ കരാറുകൾ അവലോകനം ചെയ്യൽ, തൊഴിൽ പരാതികൾ സമർപ്പിക്കാനും നിരീക്ഷിക്കാനും ഉള്ള സൗകര്യം എന്നിവയെല്ലാം ഉൾകൊള്ളുന്നതാണ് ‘ഈസിയർ മാൻപവർ പോർട്ടൽ’ എന്ന പുതിയ സംവിധാനം. ഏകീകൃതമായി സംയോജിപ്പിച്ച ഇലക്ട്രോണിക് സംവിധാനത്തിലൂടെയാകും പോർട്ടൽ പ്രവർത്തനം. ‘മൈ കുവൈത്ത് ഐഡന്റിറ്റി’ ആപ്ലിക്കേഷൻ വഴി സുരക്ഷിതമായ ആധികാരികതയും പോർട്ടലിനുണ്ട്.
പോർട്ടൽ സേവനങ്ങൾ
- തൊഴിലാളികൾക്ക് അവർ സമർപ്പിച്ച അപേക്ഷകളുടെ സ്ഥിതി നിരീക്ഷിക്കാൻ കഴിയും
- അപേക്ഷകൾ സ്വീകരിച്ചോ തള്ളിയോ എന്നും അറിയാനാകും.
- തള്ളിയ അപേക്ഷകളുടെ കാരണങ്ങളും മനസ്സിലാക്കാൻ കഴിയും.
- വർക്ക് പെർമിറ്റ് അപേക്ഷകളുമായി ബന്ധപ്പെട്ട തൊഴിൽ കരാറുകളുടെ പകർപ്പുകൾ പ്രിന്റ് ചെയ്യാം.
- തൊഴിൽ അവകാശങ്ങൾ, സ്ഥലംമാറ്റ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സമർപിക്കാം.
- അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
- തൊഴിലാളികൾക്ക് മറ്റൊരു മേഖലയിലേക്ക് പോകുന്നതിനോ മാറുന്നതിനോ വേണ്ടി വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിന് അപേക്ഷിക്കാം.
- പോർട്ടലിൽ നിന്ന് നേരിട്ട് ലേബർ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.