കുവൈത്ത് സിറ്റി: രാജ്യത്ത് മദ്യ ഉപയോഗത്തിനും നിർമാണത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയും മാറ്റമില്ലാതെ പ്രവാസികൾ. അനധികൃതമായി നിർമിച്ച മദ്യവുമായി മൂന്നു പ്രവാസികൾ പിടിയിൽ. മംഗഫ് മേഖലയിൽ രഹസ്യ മദ്യനിർമാണ കേന്ദ്രവും അധികൃതർ കണ്ടെത്തി.
മംഗഫിലെ കെട്ടിടത്തിന്റെ ബേസ്മെന്റിൽ അനധികൃതമായി മദ്യം നിർമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്രം കണ്ടെത്തിയത്. രഹസ്യ നിരീക്ഷണത്തിലൂടെ വിവരം സ്ഥിരീകരിച്ച ശേഷം പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ സാൽമിയ ഇൻവെസ്റ്റിഗേഷൻ യൂനിറ്റാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ മദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന മൂന്ന് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്ത് സിറ്റി: മദ്യവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ രണ്ട് ഏഷ്യൻ പ്രവാസികളെ ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
25 ഉം 26 ഉം വയസ്സുള്ള ഒരേ രാജ്യക്കാരായ ഒരുമിച്ച് താമസിക്കുന്ന ഇവരെ അബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ ഉടൻ ഇരുവരെയും എം.ആർ.ഐ സ്കാനുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനകൾ നടത്തി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇരുവരും വിഷാംശം കലർന്ന മദ്യം കഴിച്ചിരിക്കാനുള്ള സാധ്യതയിൽ കഴിച്ച പദാർഥത്തിന്റെ സാമ്പിളുകൾ വിശകലനം ചെയ്തുവരുകയാണ്. കഴിഞ്ഞ മാസം വിഷമദ്യം കഴിച്ച് രാജ്യത്ത് 23 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.