നുവൈസീബിൽ സജ്ജീകരിച്ച പുതിയ പരിശോധന ഉപകരണങ്ങൾ
കുവൈത്ത് സിറ്റി: രാജ്യത്തെ തുറമുഖങ്ങളിലെ സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തി കുവൈത്ത് കസ്റ്റംസ്. നുവൈസീബ് തുറമുഖത്ത് ഏറ്റവും പുതിയ പാലറ്റ് പരിശോധന ഉപകരണം സ്ഥാപിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. കൃത്യമായ സുരക്ഷാ സ്ക്രീനിങ്ങിനായുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലൊന്നാണ് പുതുതായി സ്ഥാപിച്ച ഈ സംവിധാനം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള വകുപ്പിന്റെ കഴിവ് ഇത് ഗണ്യമായി വർധിപ്പിക്കുന്നു. കള്ളക്കടത്തിനെതിരെ പോരാടുന്നതിലും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിലും ഇത് ഒരു സുപ്രധാന ഉപകരണമായി പ്രവർത്തിക്കും.
ഷുവൈഖ് തുറമുഖം, ദോഹ തുറമുഖം, എയർ കാർഗോ കസ്റ്റംസ്, സുലൈബിയ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ, വെജിറ്റബിൾ മാർക്കറ്റ് എന്നിവിടങ്ങളിലും സമാനമായ ഹൈടെക് പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ കസ്റ്റംസ് തുറമുഖങ്ങളെയും അത്യാധുനിക സുരക്ഷ സൗകര്യങ്ങളാൽ സജ്ജമാക്കുന്നതിനുള്ള കസ്റ്റംസ് അഡ്മിനിസ്ട്രേഷന്റെ പ്രതിബദ്ധതയും അധികൃതർ വ്യക്തമാക്കി. തുറമുഖങ്ങൾ വഴി രാജ്യത്തേക്ക് നിയമവിരുദ്ധമായി വസ്തുക്കൾ കടത്തുന്നത് തടയിടാൻ പുതിയ സംവിധാനം സഹായിക്കും. ലഹരിമാഫിയ തുറമുഖം വഴി നടത്തുന്ന കള്ളകടത്ത് ശ്രമങ്ങൾ കണ്ടെത്താനുമാകും. അടുത്തിടെ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.