മുൻ അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹ് ഭരണഘടനയുടെ
പകർപ്പ് സ്വീകരിക്കുന്നു (ഫയൽ)
കുവൈത്ത് സിറ്റി: മികച്ച ഭരണസംവിധാനവും ജനക്ഷേമവും രാഷ്ട്രപുരോഗതിയും ലക്ഷ്യമിടുന്ന കുവൈത്ത് ഭരണഘടനക്ക് 61 വയസ്സ്. ഭരണസംവിധാനവും ലെജിസ്ലേറ്റിവ്, എക്സിക്യൂട്ടിവ്, ജുഡീഷ്യൽ അധികാരികൾ തമ്മിലുള്ള സംഘടിത ബന്ധവും വ്യക്തമാക്കുന്ന കുവൈത്ത് ഭരണഘടന 1962 നവംബർ 11നാണ് നിലവിൽവന്നത്. രാജ്യത്തെ ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും ആണിക്കല്ലായി ആറു പതിറ്റാണ്ടിനിപ്പുറവും ഭരണഘടന നിലനിൽക്കുന്നു.
കുവൈത്തിന്റെ 11ാം അമീറായ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹാണ് 1962 നവംബർ 11ന് ഭരണഘടന അംഗീകരിച്ച് കുവൈത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക നിമിഷത്തിന് തുടക്കമിട്ടത്. ചരിത്രപരമായ ജനാധിപത്യ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് 1962ൽ കുവൈത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയായ ഭരണഘടനയുടെ ജനനം.
1961 ആഗസ്റ്റ് 26ന് പരിവർത്തന കാലഘട്ടത്തിന്റെ ബൈലോ സംബന്ധിച്ചും ഭരണഘടന അസംബ്ലിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പുകൾ സംബന്ധിച്ചുമുള്ള നിയമത്തിൽ അമീർ ഒപ്പുവച്ചു. 1962 ജനുവരിയിൽ ഭരണഘടന അസംബ്ലി ഉദ്ഘാടനം ചെയ്തു.
ആറാം അസംബ്ലി സമ്മേളനത്തിൽ സ്പീക്കർ അൽഗാനിം, ആഭ്യന്തരമന്ത്രി ശൈഖ് സാദ് അൽ അബ്ദുല്ല അസ്സബാഹ്, എം.പി ഹുമൂദ് അൽ സെയ്ദ് അൽ ഖാലിദ്, നീതിന്യായ മന്ത്രി യാക്കൂബ് യൂസുഫ് അൽ ഹുമൈദി, സൗദ് അബ്ദുൽ അസീസ് അൽ അബ്ദുൽ റസാഖ് എന്നിവർ അംഗങ്ങളായ ഭരണഘടന സമിതി രൂപവത്കരിച്ചു.
സമിതി 1962 നവംബർ ആദ്യവാരം ഭരണഘടനയുടെ അന്തിമ കരട് രൂപപ്പെടുത്തുകയും അമീർ അബ്ദുല്ല അൽസാലിം അസ്സബാഹിന് സമർപ്പിക്കുകയും ചെയ്തു. നവംബർ 11ന് അമീർ അംഗീകരിച്ചതോടെ ഗൾഫ് മേഖലയിലെ ജനാധിപത്യ സംവിധാനങ്ങൾക്ക് മാതൃകയായ ഭരണഘടനാ രാജ്യമായി കുവൈത്ത് മാറി.
അഞ്ച് അധ്യായങ്ങളിലായി 183 ആർട്ടിക്കിളുകൾ അടങ്ങിയതാണ് കുവൈത്ത് ഭരണഘടന. ഭരണകൂടം ഭരണ സംവിധാനം, കുവൈത്ത് സമൂഹത്തിന്റെ മൗലിക ഘടകങ്ങൾ, പൊതു അവകാശങ്ങളും കടമകളും, അധികാരങ്ങൾ, പൊതുചട്ടങ്ങൾ എന്നിവയാണ് അഞ്ച് വിഭാഗങ്ങൾ.
ഭരണഘടനക്കു കീഴിലുള്ള യഥാർഥ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തുടക്കമായി 1963 ജനുവരിയിൽ രാജ്യത്ത് ആദ്യ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിലൂടെ കുവൈത്ത് പുതിയൊരു ചരിത്രഘട്ടത്തിലേക്ക് പ്രവേശിച്ചു. പിന്നീട് നിരവധി തവണ ദേശീയ അസംബ്ലി സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾക്കെതിരായ കവചമായി ഭരണഘടന നിലകൊണ്ടു.
1990-91ലെ ഇറാഖി അധിനിവേശത്തിനെതിരായി നിലയുറപ്പിക്കുന്നതിലും ഭരണഘടന കുവൈത്തിനെ സഹായിച്ചു. ഗൾഫ് മേഖലയിൽ ജനാധിപത്യത്തിന് സംഭാവന നൽകിയ, തങ്ങളുടെ അഭിമാനവും അവകാശങ്ങളും ആശയ ആവിഷ്കാര സ്വാതന്ത്ര്യവും ഉയർത്തിക്കാട്ടുകയും നീതിയും സമത്വവും ഉറപ്പുനൽകുകയും ചെയ്ത ഭരണഘടനയിൽ കുവൈത്ത് ജനത ഇന്ന് അഭിമാനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.