പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതിയിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: രാജ്യത്തിന് നേരെയുള്ള ആക്രമണത്തിൽ ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള കുവൈത്തിന്റെ അവകാശം വ്യക്തമാക്കി മന്ത്രിസഭ. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതിയിൽ ചേർന്ന യോഗം സഥിതിഗതികൾ വിലയിരുത്തി. പ്രാദേശിക സുരക്ഷ സംരക്ഷിക്കുന്നതിൽ ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) സഹ അംഗങ്ങളുമായുള്ള രാജ്യത്തിന്റെ ഐക്യദാർഢ്യം ആവർത്തിച്ചു.
ദേശീയ ഐക്യം, അവബോധം, ജാഗ്രത എന്നിവക്ക് ഊന്നൽ നൽകി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ മന്ത്രിസഭ പ്രശംസിച്ചു. പ്രാദേശിക നേതാക്കളും യൂറോപ്യൻ യൂനിയനും തമ്മിലുള്ള വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.
കുവൈത്തിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി രാജ്യത്തിന് നേരെ തുടർച്ചയായി നടക്കുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഔപചാരിക പ്രതിഷേധ കുറിപ്പ് നൽകുന്നതുൾപ്പെടെ കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര ശ്രമങ്ങൾ മന്ത്രിസഭ അവലോകനം ചെയ്തു.
സൗദി അറേബ്യയിലെ അൽ ഖർജിൽ റെസിഡൻഷ്യൽ സൗകര്യത്തിന് നേരെയുണ്ടായ ആക്രമണത്തെയും, സിവിലിയൻമാരുടെ മരണത്തിന് കാരണമായതിനെയും, കുർദിസ്താൻ മേഖലയിലെ യു.എ.ഇയുടെ കോൺസുലേറ്റ് കെട്ടിടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെയും യോഗം അപലപിച്ചു. നിലവിലെ സുരക്ഷ സംഭവവികാസങ്ങൾക്കിടയിൽ സന്നദ്ധത വർധിപ്പിക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവിധ മന്ത്രാലയ റിപ്പോർട്ടുകളും മന്ത്രിസഭ അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.