കുവൈത്ത് സിറ്റി: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഐക്യരാഷ്ട്രസഭക്ക് മുമ്പാകെ ആവർത്തിച്ച് വ്യക്തമാക്കി കുവൈത്ത്. വിഷയത്തിൽ യു.എൻ സെക്രട്ടറി ജനറലിനും ഐക്യരാഷ്ട്രസഭ രക്ഷാ കൗൺസിൽ (യു.എൻ.സി.എസ്) പ്രസിഡന്റിനും കുവൈത്ത് രണ്ടാമതും കത്തുകൾ അയച്ചു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനും ആക്രമണം തടയാനും ഐക്യരാഷ്ട്രസഭ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും കുവൈത്ത് പ്രദേശത്ത് നിരന്തര ആക്രമണം നടത്തുകയും വ്യോമാതിർത്തി ലംഘിക്കുകയും ചെയ്യുന്നതായി കത്തിൽ ചൂണ്ടികാട്ടി. ഇത് തങ്ങളുടെ പരമാധികാരത്തിന്റെ ലംഘനമാണ്. പ്രാദേശിക, അന്തർദേശീയ സമാധാനത്തിനും സുരക്ഷക്കും തുരങ്കം വെക്കുന്നതുമാണ്. കുവൈത്തിനുള്ളിലെ സൈനിക താവളങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സിവിലിയൻ സൗകര്യങ്ങൾ എന്നിവ ആക്രമണങ്ങൾ ലക്ഷ്യമിട്ടു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്ന് കുവൈത്ത് വ്യക്തമാക്കി.
വിഷയം ചൂണ്ടികാട്ടി മാർച്ച് മൂന്നിന് കുവൈത്ത് അയച്ച മുൻ കത്തിന് ശേഷം കൂടുതൽ ആളപായങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് കത്തുകളിൽ സൂചിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയിലെ രണ്ട് അംഗങ്ങൾ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ടു. ഇതോടെ കുവൈത്ത് സായുധ സേനയിലെയും സുരക്ഷാ ഉദ്യോഗസ്ഥരിലെയും കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. തുടർച്ചയായ ആക്രമണത്തിൽ സാധാരണക്കാരുടെ മരണവും പരിക്കുകളും ഉണ്ടായി. കുവൈത്തിലെ യു.എസ് എംബസിക്ക് നേരെയും ആക്രമണം ഉണ്ടായി. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെയും (1961) ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് വിശേഷിപ്പിച്ചു.
ഫെബ്രുവരി 28ന് ഈ ആക്രമണം ആരംഭിച്ചതിനുശേഷം മാർച്ച് എട്ടു വരെ 234 മിസൈലുകളും 422 ഡ്രോണുകളും നേരിട്ടതായി കുവൈത്ത് സൂചിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം വ്യക്തമാക്കിയ കുവൈത്ത് തങ്ങളുടെ പരമാധികാരം, പ്രദേശം, ജനങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശവും ആവർത്തിച്ചു.
കുവൈത്തിനും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കും സംഘർഷത്തിൽ കക്ഷിയല്ലാത്ത മറ്റ് രാജ്യങ്ങൾക്കും എതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണം. ഇതുവഴിയുണ്ടാകുന്ന മാനുഷികവും ഭൗതികവുമായ നഷ്ടങ്ങൾക്ക് പൂർണ്ണമായും ഉത്തരവാദികളാകണമെന്നും കുവൈത്ത് ഇറാനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.