കുവൈത്ത് സിറ്റി: നാലുമാസത്തിന് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കമേഴ്സ്യൽ വിമാന സർവിസ് ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഇതിന് ഒരുക്കം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. വ്യോമയാന വകുപ്പ് മേധാവി ശൈഖ് സൽമാൻ സബാഹ് സാലിം അൽ ഹമൂദ് അസ്സബാഹിെൻറ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് ഒരുക്കം വിലയിരുത്തി തൃപ്തി അറിയിച്ചു. വ്യോമയാന വകുപ്പ് മേധാവിയും ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹും ഉൾപ്പെടെ ഉന്നതർ വിമാനത്താവളം സന്ദർശിച്ചു.
ഒന്ന്, മൂന്ന്, നാല്, അഞ്ച് ടെർമിനലുകളിൽനിന്നാണ് വിമാന സർവിസ്. ടെർമിനലുകൾ അണുവിമുക്തമാക്കി. സുരക്ഷ ക്രമീകരണങ്ങളും ശക്തമാക്കി. വിമാനത്താവളത്തിനകത്ത് യാത്രക്കാരനെ മാത്രമേ കയറ്റൂ. പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന് ആളുവേണ്ട കേസുകളിൽ മാത്രമാണ് ഇളവ്. വിമാനത്താവളത്തിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്തവരെ അകത്ത് കയറ്റില്ല. ആദ്യഘട്ടത്തിൽ പ്രതിദിനം 10,000 യാത്രക്കാർക്കാണ് സേവനം ഉപയോഗിക്കാനാവുക. 30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സർവിസുകളാണ് ഉണ്ടാവുക.
ആദ്യഘട്ടത്തിൽ രാത്രി പത്തിനും പുലർച്ച നാലിനുമിടയിൽ കമേഴ്സ്യൽ വിമാനങ്ങൾ ഉണ്ടാവില്ല. യാത്രക്കാർക്കായി അറബിയിലും ഇംഗ്ലീഷിലും വ്യോമയാന വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
പി.സി.ആർ പരിശോധന നിർബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈത്തിൽനിന്ന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. വിമാന ടിക്കറ്റ് ഒാൺലൈനായി ബുക്ക് ചെയ്ത് മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം. പേപ്പർ ടിക്കറ്റുകൾ അനുവദിക്കില്ല. കുവൈത്തിൽനിന്ന് തിരിച്ചുപോവുന്നവർക്ക് ഹാൻഡ് ബാഗേജ് അനുവദിക്കില്ലെന്നതടക്കം കർശന നിയന്ത്രണങ്ങളുണ്ട്. അത്യാവശ്യ മരുന്നുകളും വ്യക്തിഗത സാധനങ്ങളും കുട്ടികളുടെ ആവശ്യത്തിനുള്ള വസ്തുക്കളും അടങ്ങിയ ചെറിയ ബാഗ് മാത്രം കൈയിൽ കൊണ്ടുപോകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.