കുവൈത്ത് സിറ്റി: കുവൈത്തിലെ അഞ്ചു ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നിർദിഷ്ട സിൽക് സിറ്റി പദ്ധതി നിർമാണവുമായി ബന്ധപ്പെട്ട് കുവൈത്ത് ചൈനയുമായി 10,000 കോടി ഡോളറിെൻറ കരാറിൽ ഒപ്പിട്ടു. കുവൈത്തിെൻറ വടക്കൻ അതിർത്തിയിലെ സുബിയ്യയിൽ വിഭാവനം ചെയ്തിരിക്കുന്ന സിൽക് സിറ്റി ഭാവിയിൽ കുവൈത്തിെൻറ മുഖമാവുമെന്നാണ് പ്രതീക്ഷ. മേഖലയിലെ ഏറ്റവും വലിയ ഫ്രീ ട്രേഡ് സോൺ ആയാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ബൂബ്യാനിൽ ഒരുങ്ങുന്ന വൻകിട കണ്ടെയ്നർ ടെർമിനലിനോടു ചേർന്ന് നിർമിക്കുന്ന സിൽക് സിറ്റി 2030ഓടെ പൂർത്തിയാക്കാനാണ് പദ്ധതി.
രാജ്യാന്തര നിക്ഷേപകരെ കുവൈത്തിലേക്ക് ആകർഷിക്കുന്ന പ്രധാന സംരംഭമായി ഇത് മാറിയേക്കും. സുബ്ബിയ്യയിൽ പണിയുന്ന നഗരത്തിന് 250 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടാകും. 1001 മീറ്റർ ഉയരമുള്ള മുബാറക് അൽ കബീർ ടവർ ആകും സിൽക് സിറ്റിയിലെ ആകർഷണം. 234 നിലകളിലായി വാണിജ്യകേന്ദ്രങ്ങളും പാർപ്പിടവും ഓഫിസുകളും ഉൾപ്പെട്ടതാകും ഈ ടവർ. 7000 പേർക്ക് ഇതിനുള്ളിൽ താമസിക്കാം. ഹോട്ടലുകളും പാർപ്പിടങ്ങളും വിനോദ കേന്ദ്രങ്ങളും ടവറിലുണ്ടാകും. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ യു.എ.ഇയിലെ ബുർജ് ഖലീഫക്ക് 830 മീറ്റർ ഉയരമാണുള്ളത്. സിൽക് സിറ്റിയിൽ മൊത്തം ഏഴുലക്ഷം പേർക്കു താമസസൗകര്യം ലഭ്യമാക്കും.
ഒളിംമ്പിക് സ്റ്റേഡിയം, പ്രകൃതി സംരക്ഷണ മേഖല, വിമാനത്താവളം, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, കൺെവൻഷൻ സെൻററുകൾ തുടങ്ങിയവയും ഉണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഉൾപ്പെടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുമായി ഒരുങ്ങുന്ന സുബിയ്യ സിൽക് സിറ്റിയെയും കുവൈത്ത് സിറ്റിയെയും ബന്ധിപ്പിക്കുന്ന ജാബിർ പാലം നിർമാണം അവസാനഘട്ടത്തിലാണ്. രാജ്യപുരോഗതി ലക്ഷ്യമിട്ട് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പ്രഖ്യാപിച്ച വിഷൻ 2035ലെ പ്രധാന പദ്ധതിയാണ് സിൽക് സിറ്റി. സിറ്റി പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിവർഷം 35 മില്യൺ അമേരിക്കൻ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഫൈലക, വർബ, ബൂബ്യാൻ, മിസ്കാൻ, ഒൗഹ എന്നീ ദ്വീപുകളുടെ വികസനവും ഉൾപ്പെടെയാണ് കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.