കുവൈത്ത് സിറ്റി: ഗസ്സയിലേക്ക് പുറപ്പെട്ട കപ്പൽ വ്യൂഹമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ മൂന്നു കുവൈത്ത് പൗരന്മാരെ ഉടൻ വിട്ടയക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും തുടർച്ചയായ ലംഘനങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കണമെന്നും കുവൈത്ത് നാഷണൽ ദിവാൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആവശ്യപ്പെട്ടു.
ഗസ്സ മുനമ്പിലെ ഉപരോധം തകർക്കാനും ജനങ്ങൾക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കാനും ഉദ്ദേശിച്ചുള്ള ഫ്ലോട്ടില്ലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ കുവൈത്ത് നാഷണൽ ദിവാൻ ഫോർ ഹ്യൂമൻ റൈറ്റ്സ് അപലപിച്ചു. കപ്പലുകൾ തടഞ്ഞതും ആക്രമിച്ചതും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണ്. മാനുഷിക ശ്രമങ്ങളുടെ തടസ്സപ്പെടുത്തലും സിവിലിയന്മാരുടെ ജീവൻ അപകടത്തിലാക്കുന്നതുമാണിത്.
മൂന്ന് കുവൈത്ത് പൗരന്മാർ ഉൾപ്പെടെ ഫ്ലോട്ടില്ലയിൽ പങ്കെടുക്കുന്ന എല്ലാവരെയും ഉടനടി നിരുപാധികമായി വിട്ടയക്കണം. എല്ലാവരുടെയും സുരക്ഷയും അവരുടെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങിവരവും ഉറപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശ തത്വങ്ങളെയും ബഹുമാനിക്കുന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും കുവൈത്ത് മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
ഗസ്സയിൽ അടിയന്തിരമായി മാനുഷിക സഹായം വിതരണം ചെയ്യുന്നത് ഉറപ്പാക്കാനും കുവൈത്ത് നാഷണൽ ദിവാൻ ഫോർ ഹ്യൂമൻ റൈറ്റ്സ് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ ഉണ്ടായിരുന്ന കുവൈത്ത് ആക്ടിവിസ്റ്റുകളായ അബ്ദുള്ള അൽ മുതാവ, ഖാലിദ് അൽ അബ്ദുൽ ജാദർ, ഡോ. മുഹമ്മദ് ജമാൽ എന്നിവരെയാണ് ഇസ്രായേൽ കസ്റ്റഡിയിൽ എടുത്തത്. തങ്ങളെ ഇസ്രായേൽ സേന തട്ടിക്കൊണ്ടുപോയതായി ഇവർ വ്യക്തമാക്കുന്ന വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
തടവിലാക്കപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കാനും വേഗത്തിൽ മോചിപ്പിക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യ പറഞ്ഞു. പൗരന്മാരുടെ ക്ഷേമം സർക്കാറിന്റെ മുൻഗണനയാണെന്നും അദ്ദേഹം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.