കുവൈത്ത് സിറ്റി: കുവൈത്തിൽ ആത്മീയ രോഗശാന്തിക്കാരിയായി വേഷംമാറി പണം വാങ്ങി നിരവധി പേരെ ചൂഷണം ചെയ്തത ഇറാഖി വനിത അറസ്റ്റിൽ. തനിക്ക് അമാനുഷിക ശക്തികൾ ഉണ്ടെന്നും ആളുകളുടെ വ്യക്തിപരവും സാമ്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും വ്യാജമായി അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്. ഇതിനായി പരിഹാരക്രിയകളും നടത്തി വന്നിരുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് സ്ത്രീ പിടിയിലായത്.
മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വിവിധ വസ്തുക്കൾ, എഴുത്തുകൾ,പേപ്പറുകൾ, ഔഷധ എണ്ണകൾ, പൂട്ടുകൾ, മാലകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. ഇവ ഉപയോഗിച്ചാണ് തന്നെ സമീപിക്കുന്നവരെ ഇവർ ആത്മീയ തട്ടിപ്പിന് ഇരകളാക്കിയിരുന്നത്. പിടിയിലായ സ്ത്രീയെയും കണ്ടുകെട്ടിയ വസ്തുക്കളും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ഇത്തരം വഞ്ചനാപരവും നിയമവിരുദ്ധവുമായ പ്രവൃത്തികളിൽ വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഉണർത്തി. വഞ്ചനയിലൂടെയും അന്ധവിശ്വാസത്തിലൂടെയും സമൂഹത്തെ ചൂഷണം ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. സമാനമായ കേസുകൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കുവൈത്തിൽ മന്ത്രവാദവും ആഭിചാരവും ആത്മീയ തട്ടിപ്പുകളും നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.