സൗദിയിലെ എണ്ണ കേന്ദ്രങ്ങളിലെ ആക്രമണം; കുവൈത്ത് അപലപിച്ചു
കുവൈത്ത് സിറ്റി: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെയും റിയാദ് മേഖലയിലെയും എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, അന്താരാഷ്ട്ര നിയമം എന്നിവയുടെ നഗ്നമായ ലംഘനമാണിതെന്ന് കുവൈത്ത് വിശേഷിപ്പിച്ചു. ഇറാഖിലെ ഇറാൻ-പിന്തുണയുള്ള സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും യു.എൻ രക്ഷാസമിതി പ്രമേയത്തിന്റെയും ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യവും, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും കുവൈത്ത് ആവർത്തിച്ചുറപ്പിച്ചു. സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും ഊന്നിപ്പറഞ്ഞു.
കുവൈത്ത്-സൗദി വിദേശകാര്യ മന്തിമാർ ഫോൺ സംഭാഷണം നടത്തി
ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: സൗദി അറേബ്യക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്തു കുവൈത്ത്-സൗദി വിദേശകാര്യ മന്തിമാർ. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആൽ സൗദുമായി ഫോണിൽ ബന്ധപ്പെട്ട് സഥിതിഗതികൾ വിലയിരുത്തി.
ഇറാഖിൽ നിന്നുള്ള ഇറാൻ-പിന്തുണയുള്ള സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളെ ഇരുവരും അപലപിച്ചു. സൗദി അറേബ്യയുമായുള്ള കുവൈത്തിന്റെ അചഞ്ചലമായ ഐക്യദാർഢ്യം ശൈഖ് ജറാഹ് ആവർത്തിച്ചുറപ്പിച്ചു. സുരക്ഷ, പരമാധികാരം, അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.