കുവൈത്ത് സിറ്റി: ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസിന് എയർബസ് എ 321 നിയോ രണ്ടാമത്തെ വിമാനമെത്തി. എയർബസുമായി കരാറുള്ള ഒമ്പത് വിമാനങ്ങളിൽ ഒന്നാണിത്. വഫ്ര എന്നാണ് വിമാനത്തിന് പേര്. ആദ്യ വിമാനം ‘മുത്ല’ മേയിൽ കുവൈത്തിൽ എത്തിയിരുന്നു. ഡെലിവറി പ്ലാൻ അനുസരിച്ച് ബാക്കി വിമാനങ്ങൾ എത്തും.
എയർബസ് എ 321 നിയോ വിമാനത്തിൽ രണ്ട് ക്ലാസുകളിലായി 166 സീറ്റുകളുള്ള വിശാലവും ആധുനികവുമായ ക്യാബിൻ സജ്ജീകരിച്ചിട്ടുണ്ട്. പ്രീമിയം സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 16 ഫുൾ-ഫ്ലാറ്റ് ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കണോമി ക്ലാസ് സീറ്റുകളും ഇതിലുൾപ്പെടുന്നു. 4-കെ സ്ക്രീനുകൾ ഉൾക്കൊള്ളുന്ന ഇൻ ഫ്ലൈറ്റ് വിനോദം പോലുള്ള ആധുനിക സൗകര്യങ്ങളുമുണ്ട്. 20 ശതമാനം കുറവ് ഇന്ധനം ഉപയോഗിക്കുന്നതിനാൽ പുതിയ വിമാനം സാമ്പത്തിക നേട്ടവും ഉറപ്പാക്കുന്നു.
പുതിയ വിമാനം പ്രവർത്തന ശേഷി വർധിപ്പിക്കുമെന്നും കമ്പനിക്ക് ഗുണം ചെയ്യുമെന്നും ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഫഖാൻ പറഞ്ഞു. നൂതന സാങ്കേതികവിദ്യയും വൈവിധ്യമാർന്ന വിനോദ സംവിധാനവും കാരണം എ 321 നിയോ യാത്രക്കാർക്ക് സുഖകരവും ആസ്വാദ്യകരവുമായ അനുഭവം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
1953ൽ കുവൈത്ത് നാഷനൽ എയർവേസ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപിതമായ കുവൈത്ത് എയർവേസ് 1954 മാർച്ചിൽ ആദ്യ വിമാന സർവിസുകൾ ആരംഭിച്ചു. 1962ൽ കുവൈത്ത് സർക്കാർ പൂർണമായും ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.