കുവൈത്ത് സിറ്റി: ജി.സി.സി-യൂറോപ്യൻ യൂനിയൻ (ഇ.യു) സംയുക്ത മന്ത്രിതല യോഗം കുവൈത്തിൽ നടന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള 29ാമത് യോഗമാണിത്. വിദേശകാര്യ മന്ത്രിമാർ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മിഡിൽ ഈസ്റ്റിലെ വികസനങ്ങൾ, വ്യാപാര, ഊർജ്ജ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ എന്നിവയുൾപ്പെടെ വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ യോഗം അഭിസംബോധന ചെയ്തു. കഴിഞ്ഞ വർഷം ബ്രസ്സൽസിൽ നടന്ന ജി.സി.സി-ഇ.യു ഉച്ചകോടിയുടെ ഫലങ്ങൾ യോഗം വിലയിരുത്തി. അവയുടെ തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനമെടുത്തു.
ഗൾഫ്-യൂറോപ്യൻ ബന്ധങ്ങൾ സൗഹൃദത്തിന്റെയും പരസ്പര താൽപര്യങ്ങളുടെയും അടിത്തറയിൽ അധിഷ്ഠിതമാണെന്ന് ഗൾഫ് മിനിസ്റ്റീരിയൽ കൗൺസിൽ ചെയർമാനും കുവൈത്ത് വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല അൽ യഹ്യ പറഞ്ഞു.
പ്രാദേശിക സുരക്ഷ, ഊർജ്ജ സുരക്ഷ, ഹരിത സമ്പദ്വ്യവസ്ഥ, ഡിജിറ്റൽ പരിവർത്തനം, നൂതന സാങ്കേതികവിദ്യ, സാംസ്കാരികവും വിദ്യാഭ്യാസപരവുമായ കൈമാറ്റം എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ഇരുപക്ഷത്തിന്റെയും താൽപര്യവും അദ്ദേഹം സൂചിപ്പിച്ചു.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ കുവൈത്ത് മന്ത്രി പ്രശംസിച്ചു.
ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനായി അന്താരാഷ്ട്ര സമ്മേളനം നടത്താൻ സൗദി അറേബ്യയും ഫ്രാൻസും സംയുക്തമായി സ്വീകരിച്ച നടപടികളെയും പ്രശംസിച്ചു. ഫലസ്തീനെ അംഗീകരിച്ച നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
ഇത്തരം രാജ്യങ്ങളുടെ എണ്ണം വർധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഉപരോധം, ആക്രമണം, കുടിയിറക്കം എന്നിവയുടെ ഫലമായി ഗസ്സയിൽ ഫലസ്തീൻ ജനത അനുഭവിക്കുന്ന ദുരന്തങ്ങളെ അദ്ദേഹം അപലപിച്ചു.
കിഴക്കൻ ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കാനും ലംഘനങ്ങൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.