കുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കത്തെ ശക്തമായി എതിർത്ത് കുവൈത്തും അറബ് ഇസ്ലാമിക രാജ്യങ്ങളും. കുവൈത്ത്, ഈജിപ്ത്, ജോർഡൻ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കിയ, ജിബൂതി, സൗദി അറേബ്യ, ഒമാൻ, ഗാംബിയ, ഫലസ്തീൻ, ഖത്തർ, ലിബിയ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളും അറബ് ലീഗും ഓർഗനൈസേഷൻ ഓഫ് ഇസ് ലാമിക് കോഓപറേഷനും (ഒ.ഐ.സി) സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ചു.
ഇസ്രായേൽ നീക്കം അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ രക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും നഗ്നമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനെയും, ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തെയും സംയുക്ത പ്രസ്താവന അടിവരയിട്ടു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും ഇസ്രായേലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിർത്താൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശം, കുടിയേറ്റ നിർമാണം എന്നിവയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) നിലപാടും പ്രസ്താവന സൂചിപ്പിച്ചു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിന് പരമാധികാരമില്ല.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാനും, യു.എൻ ഏജൻസികൾ വഴി ഫലസ്തീനിലേക്ക് മാനുഷിക സഹായം എത്തുന്നത് തടയരുതെന്നും ഐ.സി.ജെ ആവശ്യപ്പെട്ടിരുന്നു. നിർബന്ധിത കുടിയിറക്കത്തിനും ഫലസ്തീനികളുടെ അസഹനീയമായ ജീവിത സാഹചര്യങ്ങൾക്കുമെതിരെ മുന്നറിയിപ്പും നൽകി.
ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിലൂടെ മാത്രമേ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാൻ കഴിയൂ എന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കി. ഫലസ്തീൻ ജനതയെയും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ ന്യായമായ അവകാശങ്ങളെയും പിന്തുണക്കുന്ന അചഞ്ചലമായ നിലപാട് കുവൈത്ത് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേൽ പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.