സാമൂഹിക, കുടുംബ, ബാല്യകാലകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പുലർത്തി കുവൈത്ത്. നിലവിൽ രാജ്യത്തിന് ഭീഷണി ഒന്നുമില്ലെങ്കിലും വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ഏതു സാഹചര്യവും നേരിടാൻ സന്നദ്ധമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ഏകോപന യോഗങ്ങളുടെ തുടർച്ചയായി വിവിധ മന്ത്രാലയങ്ങളും യോഗംചേർന്നു.
നിലവിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും രാജ്യത്തിന്റെ അടിസ്ഥാന സാമഗ്രികളുടെ സ്റ്റോക്ക് അവലോകനം ചെയ്യുന്നതിനുമായി സാമൂഹിക, കുടുംബ, ബാല്യകാലകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല മന്ത്രാലയ അണ്ടർ സെക്രട്ടറിമാരുമായി യോഗം ചേർന്നു. വെല്ലുവിളികൾ നേരിടുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. മന്ത്രാലയത്തിന്റെ വിവിധ മേഖലകൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കൽ, മുൻകരുതൽ പ്രവർത്തന പദ്ധതികൾ സ്വീകരിക്കൽ എന്നിവയുടെ പ്രാധാന്യം ഡോ. അംതാൽ അൽ ഹുവൈല യോഗത്തിൽ ചൂണ്ടികാട്ടി.
രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി കുവൈത്ത് വാർത്താവിനിമയ കാര്യ സഹമന്ത്രി ഒമർ അൽ ഒമറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നത് മുൻഗണനയാണെന്ന് അൽ ഒമർ പറഞ്ഞു. സർക്കാർ ഏജൻസികൾ, സേവന ദാതാക്കൾ, പ്രാദേശിക, അന്തർദേശീയ ടെലികമ്യൂണിക്കേഷൻ കമ്പനികൾ എന്നിവ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക നെറ്റ്വർക്കിന്റെയും ആശയവിനിമയ ലൈനുകളുടെയും പ്രകടനം നിരീക്ഷിച്ചുവരുന്നതായി ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി എൻജിനീയർ മിശ്അൽ അൽ സായിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.