സബാഹ് അൽ സാലിമിൽ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: നിയമവിരുദ്ധരെയും താമസ തൊഴിൽ നിയമലംഘകരെയും കണ്ടെത്തുന്നതിനായി രാജ്യത്ത് പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം സബാഹ് അൽ സാലിമിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ നിരവധി താമസ, തൊഴിൽ, ഗതാഗത നിയമലംഘകർ അറസ്റ്റിലായി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ നിർദേശപ്രകാരം, സുരക്ഷയും ഗതാഗത അച്ചടക്കവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദാനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.
രാജ്യത്ത് സുരക്ഷ പരിശോധനകളും ജാഗ്രതയും ശക്തമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുടെയും സുരക്ഷ മേഖല മേധാവികളുടെയും യോഗത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് നിർദേശം നൽകിയിരുന്നു. വാഹനങ്ങളിലും വഴിയാത്രക്കാരിലും അടക്കം ശക്തമായ പരിശോധനയാണ് സബാഹ് അൽ സാലിമിൽ നടന്നത്.
ഇവിടെ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിൽ സുരക്ഷ, ഗതാഗത പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നതും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.