ജലീബ് അൽ ശുയൂഖിലെ ഗോഡൗണിൽനിന്ന് പിടികൂടിയ സബ്സിഡി ഭക്ഷ്യോൽപന്നങ്ങൾ
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ടൺകണക്കിന് റേഷൻ ഉൽപന്നങ്ങൾ പിടികൂടി. അരി, പഞ്ചസാര, പാൽപൊടി, പയറുവർഗങ്ങൾ തുടങ്ങിയവയാണ് പിടികൂടിയത്. 1000 കിലോ അരി, 600 കിലോ പഞ്ചസാര, 250 കിലോ പയറുവർഗങ്ങൾ, 36 വലിയ പാക്ക് പാചക എണ്ണ, 48 പാക്ക് മറ്റ് സബ്സിഡി ഉൽപന്നങ്ങൾ എന്നിവയാണ് രാജ്യത്തിനു പുറത്തേക്ക് കടത്താനായി സൂക്ഷിച്ചുവെച്ച ഗോഡൗണിൽനിന്ന് പിടികൂടിയത്. രണ്ടു വിദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്വദേശികൾക്ക് സൗജന്യ നിരക്കിൽ നൽകിവരുന്ന ഭക്ഷ്യോൽപന്നങ്ങൾ അനധികൃതമായി സ്വന്തമാക്കി രാജ്യത്തിന് പുറത്തേക്ക് കടത്തുന്ന ലോബി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് രണ്ടു ദിവസമായി നിരീക്ഷണം നടത്തിയാണ് പ്രതികളെ വലയിലാക്കിയത്. വാഹനത്തിലേക്ക് കയറ്റുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയും ഗോഡൗൺ കണ്ടെത്തുകയുമായിരുന്നു. സ്വദേശികൾക്ക് സഹകരണ സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്ന സബ്സിഡി ഉൽപന്നങ്ങൾ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതിനെതിരെ വാണിജ്യ മന്ത്രാലയം നടപടികൾ കർശനമാക്കിയിട്ടുണ്ട്.
സ്റ്റോറുകളിൽ ദൈനംദിന കണക്കെടുപ്പ്, വിമാനത്താവളങ്ങളിലും അതിർത്തി കവാടങ്ങളിലും കർശന നിരീക്ഷണം, നിയമലംഘനത്തിന് ശിക്ഷ കനപ്പിക്കൽ തുടങ്ങിയ നടപടികളിലൂടെ റേഷൻ സാധനങ്ങളുടെ കടത്ത് തടയാനാണ് ശ്രമിക്കുന്നത്.സ്വദേശി വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് പ്രതിമാസം അനുവദിക്കുന്ന റേഷൻ ഉൽപന്നങ്ങളാണു രാജ്യത്തിനു പുറത്തേക്ക് കടത്തുന്നത്.സബ്സിഡിക്കായി സർക്കാർ വൻ തുകയാണ് ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.