കുവൈത്ത് സിറ്റി: രാജ്യത്ത് സാമ്പത്തിക മേഖല ഉണർവിൽ. വിവിധ നിക്ഷേപങ്ങളിൽ ഈ വർഷം വർധനവ് രേഖപ്പെടുത്തി. താമസക്കാരുടെ മൊത്തം നിക്ഷേപത്തില്‍ 1.98 ശതമാനം വർധന പ്രകാരം സ്വകാര്യ മേഖലയുടെ നിക്ഷേപത്തിലും 2.89 ശതമാനം വർധനവ് രേഖപ്പെടുത്തി. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഈ വിവരങ്ങൾ.
സെൻട്രൽ ബാങ്ക് കുവൈത്ത് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടയില്‍ താമസക്കാരുടെ നിക്ഷേപം 1.98 ശതമാനം വർധിച്ച് 47.839 ബില്യൺ ദിനാറിലെത്തി. സർക്കാർ നിക്ഷേപത്തിലും 16.05 ശതമാനം വർധനവുണ്ട്. എന്നാല്‍, പൊതു സ്ഥാപനങ്ങളുടെ നിക്ഷേപത്തില്‍ 9.95 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ ജൂണ്‍ വരെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നൽകിയ മൊത്തം വായ്പാ തുക 52.983 ബില്യൺ ദിനാറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 52.447 ബില്യനായിരുന്നു.
അതിനിടെ, ഉപഭോക്തൃ വായ്പകളിൽ ജൂണ്‍ മാസത്തില്‍ 0.41 ശതമാനം ഇടിവ് രേഖപ്പെടുത്തി. കോർപറേറ്റ് ഇക്വിറ്റി വായ്പകളിലും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പകളിലും വര്‍ധനവ് രേഖപ്പെടുത്തിയതായി സി.ബി.കെയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ എണ്ണ ഉൽപാദനത്തിലെ വർധനവ് വരും വര്‍ഷങ്ങളില്‍ കുവൈത്ത് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്നാണ് സൂചന. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും വാണിജ്യ, നിക്ഷേപ കാര്യങ്ങളിലെ തടസ്സങ്ങൾ കുറക്കുന്നതിനും കൈക്കൊള്ളുന്ന നടപടികളും സാമ്പത്തിക മേഖലക്ക് ഉണർവേകും.
2022-2023 സാമ്പത്തിക വർഷത്തിൽ 6.4 ബില്യൺ ദീനാർ അക്കൗണ്ടിൽ മിച്ചം രേഖപ്പെടുത്തിയതായി ധനമന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് ഈ നേട്ടം. മുൻ സാമ്പത്തിക വർഷം 4.3 ബില്യൺ ദീനാർ ആയിരുന്നു മിച്ചം. 2022-2023 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വരുമാനം 54.7 ശതമാനം വർധിച്ച് 28.8 ബില്യൺ ദീനാറിൽ എത്തിയതായും ധനമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.