കുവൈത്ത് സിറ്റി: കുവൈത്തിൽ കീഴ്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമ്പോൾ കെട്ടിവെക്കേണ്ട തുക വർധിപ്പിച്ചു. ഡിസ്ട്രിക്ട്, ജനറൽ കോടതി വിധികൾക്കെതിരായി അപ്പീൽ നൽകാൻ 250 ദീനാറും അപ്പീൽ കോടതി വിധിക്കെതിരായ അപ്പീലിന് 500 ദീനാറും കെട്ടിവെക്കും. തർക്കത്തിന്റെ മൂല്യം 30000 ദീനാറിൽ കൂടുതലോ മൂല്യം നിർണയിക്കാനാകാത്തതോ ആയ കേസുകൾക്ക് മാത്രമേ നേരിട്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാകൂ. ചെറിയ കേസുകൾ സുപ്രീം കോടതിയിലെത്തി സമയനഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ വ്യവസ്ഥ.
അധികാര പരിധി സംബന്ധിച്ച തീരുമാനങ്ങൾക്കെതിരെ നേരിട്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകാം. ഇവ കൺസൽട്ടീവ് ചേംബറിൽ പരിശോധിക്കുകയും തീരുമാനമാകുന്നത് വരെ കോടതി നടപടികൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്യും. അപ്പീൽ അപേക്ഷയിൽ രണ്ട് മാസത്തിനകം പ്രോസിക്യൂഷൻ അഭിപ്രായം അറിയിക്കണമെന്ന് നിബന്ധന വെച്ചിട്ടുണ്ട്.
നിയമ വ്യവഹാര നടപടിക്രമങ്ങൾ ലളിതമാക്കുകയും തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുകയും ചെയ്യുക, മേൽക്കോടതികളുടെ ജോലിഭാരം കുറക്കുകയും നിയമ വ്യാഖ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പുതിയ പരിഷ്കാരം കൊണ്ട് ലക്ഷ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.