സാന്ത്വനം കുവൈത്തും പശുപ്പാറ പീപ്പിൾസ് ക്ലബ് ആൻഡ് ലൈബ്രറിയും ചേർന്ന് നിർമിച്ച
പാലിയേറ്റിവ് സെന്ററിന്റയും കമ്യൂണിറ്റി ഹാൾ ആൻഡ് ലൈബ്രറിയും ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സാന്ത്വനം കുവൈത്തും ഇടുക്കി ഉപ്പുതറ പശുപ്പാറ പീപ്പിൾസ് ക്ലബ് ആൻഡ് ലൈബ്രറിയും ചേർന്നു പശുപ്പാറയിൽ നിർമിച്ച പാലിയേറ്റീവ് സെന്ററിന്റെയും കമ്യൂണിറ്റി ഹാൾ ആൻഡ് ലൈബ്രറിയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സാന്ത്വനം കുവൈത്ത് പ്രസിഡന്റ് പി.എൻ.ജ്യോതിദാസ് അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ താലൂക്ക് റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരാനാംകുന്നേൽ നിർവഹിച്ചു. ഓണക്കിറ്റുകൾ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണും, വിവിധ മെറിറ്റ് അവാർഡുകൾ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് ജേക്കബും വിതരണം ചെയ്തു. കലാസന്ധ്യ ഉദ്ഘാടനം മലനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പശുപ്പാറ പീപ്പിൾസ് ക്ലബ്സി പ്രസിഡന്റ് കെ.ബി. അഭിലാഷ്, സെക്രട്ടറി ആർ. രാജൻ, ട്രഷറർ പ്രതീഷ് എന്നിവർ നേതൃത്വം നൽകി. ജീവകാരുണ്യ രംഗത്ത് 25 വർഷമായി നിസ്തുല സേവനം നടത്തുന്ന കുവൈത്തിലെ മലയാളി സംഘടനയാണ് സാന്ത്വനം കുവൈത്ത്.
കഴിഞ്ഞ വർഷത്തെ പ്രത്യേക പദ്ധതിയുടെ ഭാഗമായി 38 ലക്ഷം രൂപ മുടക്കിയാണ് പുതിയ സംരംഭം പൂർത്തിയാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു. അന്തരിച്ച പീരുമേട് എം.എൽ.എ.വാഴൂർ സോമൻ 2024 ജൂലൈയിൽ ശിലാസ്ഥാപനം നിർവഹിച്ച ഇരുനില കെട്ടിടത്തിന്റെ നിർമാണം ഒരു വർഷം കൊണ്ട് ക്ലബിന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കി.
നിലവിൽ കാസർകോടും വയനാട്ടിലും കൊല്ലം നീണ്ടകരയിലും സാന്ത്വനത്തിന്റെ കമ്മ്യൂനിറ്റി സർവീസ് പ്രൊജക്ടുകളുണ്ട്. വർഷവും ഒരു കോടിയിലധികം രൂപ ചികിത്സാ-വിദ്യാഭ്യാസ സഹായങ്ങളായി നൽകി വരുന്നതായും സാന്ത്വനം കുവൈത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.