കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ ഫീസ് വർധന വിദേശികളുടെ ബജറ്റിനെ താളം തെറ്റിക്കും. പുകച്ച് പുറത്തുചാടിക്കുക എന്നു കരുതാവുന്ന വിധം കനത്ത വർധനവാണ് വരുത്തിയിട്ടുള്ളത്. നിലവിൽ സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങൾക്ക് പത്തുദീനാർ മുതൽ 300 ദീനാർ വരെ നൽേകണ്ടിവരും. സന്ദർശക വിസയിലുള്ളവർക്കാണ് ഭീമമായ വർധന വരുത്തിയിട്ടുള്ളത്. രാജ്യത്തെ സൗജന്യ ചികിത്സ ഉപയോഗപ്പെടുത്താൻ വേണ്ടി മാത്രം വിദേശികൾ സന്ദർശക വിസയിലെത്തുന്നുവെന്ന പരാതി ഇനിയുണ്ടാവില്ല.
സന്ദർശക വിസക്കാർ ഹെൽത്ത് സെൻററുകളിലെ പരിശോധനക്ക് പത്തു ദീനാറും സർക്കാർ ആശുപത്രിലെ അത്യാഹിത വിഭാഗത്തിൽ കാണിക്കുന്നതിന് 20 ദീനാറും ഒ.പിയിൽ 30 ദീനാറും നൽകണം. സാധാരണ പ്രസവത്തിന് 400 ദീനാർ ആണ് ഫീസ്. ഇതിന് പുറമെ മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ഒാരോ ദിവസത്തിനും 70 ദീനാർ നൽകണം. വൻ സാമ്പത്തിക ചെലവുള്ള ശസ്ത്രക്രയകൾക്ക് മാത്രമായി വിദേശികൾ കുവൈത്തിൽ സന്ദർശക വിസയിലെത്തുന്നുവെന്ന് എം.പിമാർ പാർലമെൻറിൽ പരാതി ഉയർത്തിയിരുന്നു. പുതുക്കിയ നിരക്ക് അനുസരിച്ച് ശസ്ത്രക്രിയകൾക്കുള്ള ചെലവ് വളരെ കൂടുതലാണ്.
അവയവ ഭാഗങ്ങൾ തുന്നിച്ചേർക്കുന്നതിന് 2500 ദീനാറും രക്തധമനി വെച്ചുപിടിപ്പിക്കുന്നതിന് 3000 ദീനാറും ശസ്ത്രക്രിയ കൂടാതെയുള്ള വാൾവ് മാറ്റത്തിന് 4000 ദീനാറുമാണ് ശസ്ത്രക്രിയക്ക് മാത്രമുള്ള ഫീസ്. ആശുപത്രിയിലെ താമസത്തിന് ജനറൽ വാർഡിൽ ഒരുദിവസം 70 ദീനാറും സ്പെഷൽ റൂമിൽ പ്രതിദിനം 130 ദീനാറും െഎ.സി.യുവിൽ പ്രതിദിനം 220 ദീനാറും നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.