ആക്രമണത്തെ തുടർന്ന് തീപടർന്ന കെട്ടിടത്തിൽ സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനം നടത്തുന്നു (അൽ അയാം പ്രസിദ്ധീകരിച്ച വിഡിയോ ദൃശ്യത്തിൽ നിന്ന്)
മനാമ: ആശ്വാസം നൽകിയ ഇറാൻ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയും ബഹ്റൈന് നേരെ ഇറാൻ ആക്രമണം. ശനിയാഴ്ച വൈകിട്ട് 6.45ഓടെ മനാമയിലെ വിവിധയിടങ്ങളിലാണ് ഉഗ്രസ്ഫോടനത്തോടെ ആക്രമണമുണ്ടായത്.
മനാമയിലെ ഒരു വീടിനും സമീപത്തെ ഏതാനും കെട്ടിടങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിക്കുകയും തീപിടുത്തമുണ്ടാവുകയും ചെയ്തു. കെട്ടിടങ്ങൾക്ക് ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് വിഭാഗം ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഇറാനിയൻ പ്രകോപനത്തിനെതിരെ ബഹ്‌റൈൻ പ്രതിരോധ സേനയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി ശക്തമായ സുരക്ഷാ നടപടികളാണ് സ്വീകരിക്കുന്നത്.
അയൽ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും ആക്രമണങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും അറിയിച്ച് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസസ്ഷ്കിയാൻ കഴിഞ്ഞ ദിവസം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അന്നാൽ അത് ലംഘിക്കുന്ന തരത്തിലാണ് ബഹ്റൈനിലേക്ക് വീണ്ടും ആക്രമണമുണ്ടായത്. മിസൈലുകളും ഡ്രോണുകളും തകർക്കാൻ ബഹ്‌റൈൻ വ്യോമ പ്രതിരോധ സംവിധാനം സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. മനാമയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. താമസക്കാർ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ആക്രമണം ആരംഭിച്ച് ഇതുവരെയുള്ള കാലയളവിൽ ഇറാന്‍റെ ഭാഗത്തുനിന്നുള്ള 86 മിസൈലുകളും 148 ഡ്രോണുകളും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് നിർവീര്യമാക്കിയിട്ടുണ്ട്. ആകെ 234 ഇറാനിയൻ ആക്രമണങ്ങളെയാണ് പ്രതിരോധ സേന വിജയകരമായി തടഞ്ഞത്. ഇന്നലെ മാത്രം എട്ട് മിസൈലുകളും അഞ്ച് ഡ്രോണുകളും നിർവീര്യമാക്കി. 90ൽ പരം അടിയന്തര റിപ്പോർട്ടുകൾ സിവിൽ ഡിഫൻസും കൈകാര്യം ചെയ്തിട്ടുണ്ട്. ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്‍റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്‍റെയും നഗ്നമായ ലംഘനമാണ്. ഇത്തരം വിവേചനരഹിതമായ നീക്കങ്ങൾ മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും സൈന്യം ചൂണ്ടിക്കാട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.