വ്യാഴാഴ്ച രാവിലെ കുവൈത്തിൽ അനുഭവപ്പെട്ട മൂടൽ മഞ്ഞ്
കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാവിലെ കുവൈത്തിൽ അനുഭവപ്പെട്ടത് കനത്ത മൂടൽ മഞ്ഞ്. വിമാനത്താവളത്തിൽ അനുഭവപ്പെട്ട മൂടൽ മഞ്ഞിനെ തുടർന്ന് രാവിലെ സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു.
കുവൈത്തിലേക്കുള്ള വിമാനങ്ങൾ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. കുവൈത്തിൽനിന്നുള്ള വിമാനങ്ങളുടെ പുറപ്പെടലും നിർത്തിവെക്കേണ്ടിവന്നു.
വ്യാഴാഴ്ച രാവിലെ കുവൈത്ത് വിമാനത്താവളത്തിന് ചുറ്റും കനത്ത മൂടൽമഞ്ഞ് നിറഞ്ഞ് ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞു.
ഇത് സുരക്ഷിതമായ ലാൻഡിങ്ങിനെയും പുറപ്പെടലിനെയും ബാധിച്ചുവെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എ.സി.എ) വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു. തുടർന്ന് കുവൈത്തിലേക്കുള്ള വിമാനങ്ങൾ അയൽരാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും പുറപ്പെടൽ നിർത്തിവെക്കുകയുമായിരുന്നു.
മൂടൽമഞ്ഞ് നീങ്ങിയതിനെ തുടർന്ന് രാവിലെ 11ഓടെയാണ് നിർത്തിവെച്ച സർവിസുകൾ പുനരാരംഭിച്ചത്.
വഴിതിരിച്ചുവിട്ട വിമാനങ്ങളും കുവൈത്തിൽ എത്തിത്തുടങ്ങി. ഞായറാഴ്ച പുലർച്ചയും കനത്ത മൂടൽ മഞ്ഞ് വിമാന സർവിസുകളെ ബാധിച്ചിരുന്നു. ഞായറാഴ്ച പുലർച്ച നിർത്തിവെച്ച സർവിസുകൾ ഉച്ചയോടെയാണ് പുനരാരംഭിച്ചത്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
കോഴിക്കോട് വിമാനം വൈകി
കുവൈത്തിൽനിന്ന് അബുദബി വഴി കോഴിക്കോട്ടേക്കുള്ള എയർഅറേബ്യ വിമാനം വ്യാഴാഴ്ച വൈകി. കുവൈത്തിൽ രാവിലെ 10.30ന് കുവൈത്തിൽനിന്നുള്ള വിമാനം 12.30ഓടെയാണ് പുറപ്പെട്ടത്.
വിമാനം മഞ്ഞുകാരണം കുവൈത്തിൽ ഇറങ്ങാൻ വൈകിയതാണ് പുറപ്പെടാൻ വൈകിയത്. ഇതോടെ വിമാനം കോഴിക്കോട് എത്തുന്നതും വൈകി. കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനങ്ങൾ ഇല്ലാത്തതിനാൽ അബൂദബി വഴിയുള്ള ഈ വിമാനത്തെയാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.