കെ.​ആ​ർ.​സി.​എ​സ് ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ൽ മു​ഖാ​മ​സ് വ​ഫ പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പം

സഹായം തുടരും; ഫലസ്തീൻ ജനതക്കുള്ള പിന്തുണ ആവർത്തിച്ച് കെ.ആർ.സി.എസ്

കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയെ പിന്തുണക്കുക എന്നത് കെ.ആർ.സി.എസിന്റെ മാനുഷിക പ്രവർത്തനങ്ങളുടെ മുൻഗണന വിഷയവും അടിസ്ഥാന സ്തംഭവുമായി തുടരുന്നതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ചെയർമാൻ ഖാലിദ് അൽ മുഖാമസ് പറഞ്ഞു. ബന്ധപ്പെട്ട അധികാരികളുമായും സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് സൊസൈറ്റി അതിന്റെ മാനുഷികവും ദുരിതാശ്വാസപരവുമായ പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം കൂട്ടിചേർത്തു. വഫ അസോസിയേഷൻ ഫോർ ഡെവലപ്‌മെന്റ് ആൻഡ് കപ്പാസിറ്റി ബിൽഡിങ്ങിലെ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചക്ക്ശേഷം പ്രതികരിക്കുകയായിരുന്നു ഖാലിദ് അൽ മുഖാമസ്.

കൂടുതൽ സഹകരണ സാധ്യതകൾ തേടുക, നിലവിലെ മാനുഷിക സാഹചര്യം അവലോകനം ചെയ്യുക, ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള സുസ്ഥിര ശ്രമങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുക എന്നിവയാണ് ‘വഫ’ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് മുഖാമസ് വ്യക്തമാക്കി.

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി വഹിക്കുന്ന മാനുഷിക പങ്കിനെ വഫ അസോസിയേഷൻ ഡയറക്ടർ ജനറൽ മുഹ്‌സിൻ അതൗന പ്രശംസിച്ചു. ഫലസ്തീൻ ജനതക്കുള്ള നിരന്തരമായ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. കുവൈത്ത് നേതൃത്വവും സർക്കാറും ജനങ്ങളും നൽകുന്ന മാനുഷിക സഹായം നീതിയുക്തമായ മാനുഷിക ലക്ഷ്യങ്ങളോടുള്ള രാജ്യത്തിന്റെ ഉറച്ച പ്രതിബദ്ധതയെയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതായും അതൗന പറഞ്ഞു. കെ.ആർ.സി.എസിന്റെ മാനുഷിക പ്രവർത്തനങ്ങൾക്ക് ആത്മാർഥമായ നന്ദിയും രേഖപ്പെടുത്തി.

അടിയന്തര ആവശ്യങ്ങളിൽ വേഗതത്തിലും കാര്യക്ഷമതയോടെയുമുള്ള മാനുഷിക പ്രവർത്തനങ്ങളുടെ മാതൃകയായി കുവൈത്ത് ദുരിതാശ്വാസ സംവിധാനം പ്രവർത്തിക്കുന്നതായും ഖാലിദ് അൽ മുഖാമസ് പറഞ്ഞു. ന്യായമായ മാനുഷിക ആവശ്യങ്ങളെ പിന്തുണക്കുന്നതിനും പ്രതിസന്ധികൾ ബാധിച്ച ജനങ്ങളെ സഹായിക്കുന്നതിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നതായും സൂചിപ്പിച്ചു.

Tags:    
News Summary - Assistance will continue; KRCS reiterates support for the Palestinian people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.