പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ പ്രവാസികളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പ്രതി പിടിയിൽ

കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് പ്രവാസികളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. അൽ റായിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തുടർ അന്വേഷണത്തിൽ ഇയാൾ വിവിധ മോഷണക്കേസുകളിൽ പ്രതിയാണെന്നും തെളിഞ്ഞു. കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു വാഹനവും പിടിച്ചെടുത്തു.

ഒരാൾ തങ്ങളെ തടഞ്ഞുനിർത്തി പരിശോധിച്ചതായി ഫർവാനിയ ഗവർണറേറ്റിലെ നിരവധി പ്രവാസികൾ പരാതിപ്പെട്ടതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് തെളിഞ്ഞത്. പരിശോധനക്കായി പഴ്സുകൾ വാങ്ങിയ ശേഷം, സാധനങ്ങൾ തിരികെ വാങ്ങാനായി പൊലീസ് സ്റ്റേഷനിലെത്താൻ ഇയാൾ നിർദ്ദേശിച്ചതായാണ് പരാതി. അന്വേഷണത്തിൽ ജലീബ് അൽ ഷുയൂഖ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ മൂന്ന് കേസുകളും, ഖൈത്താനിലും ഫർവാനിയയിലും ഏഴ് കേസുകളും പൊലീസ് കണ്ടെത്തി.

പ്രതിയെ തിരിച്ചറിയുന്നതിനും മോഷണങ്ങൾക്ക് ഉപയോഗിച്ച വാഹനം കണ്ടെത്തുന്നതിനുമായി പ്രത്യേക സംഘം രൂപീകരിച്ചു. ഒരു ഷോപ്പിംഗ് മാളിൽ വാഹനം ഉള്ളതായ വിവരത്തെ തുടർന്ന്, പൊലീസ് രഹസ്യ നീക്കത്തിലൂടെ ഇയാളെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ തട്ടിപ്പ് നടത്തിയ കാര്യം പ്രതി സമ്മതിച്ചു. തിരിച്ചറിയൽ പരേഡിൽ ഇരകൾ ഇയാളെ തിരിച്ചറിയുകയും ചെയ്തു. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച വാഹനം നേരത്തെ മോഷണം പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്നും കണ്ടെത്തി.

Tags:    
News Summary - പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ പ്രവാസികളെ ലക്ഷ്യമിട്ട് തട്ടിപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.