വൻ തോതിൽ ക്യാപ്റ്റഗൺ ഗുളികകളുമായി രണ്ടു പേർ പിടിയിൽ
കുവൈത്ത് സിറ്റി: വൻ തോതിൽ ക്യാപ്റ്റഗൺ ഗുളികകളുമായി രണ്ടു പേർ പിടിയിൽ. കബ്ദ് മേഖലയിലെ കന്നുകാലി ഫാമുകളിൽ നടത്തിയ പരിശോധനയിലാണ് ഒരു അറബ് പൗരനെയും കുവൈത്തിൽ അനധികൃതമായി താമസിക്കുന്ന മറ്റൊരാളെയും അറസ്റ്റ് ചെയ്തത്. ഇരുവരിൽ നിന്നുമായി 7,00,000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഗുളികകൾ തങ്ങളുടേതാണെന്നും കടത്തുന്നതിനായി തയ്യാറാക്കിയതാണെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈത്തും ഇറാഖും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
ലഹരിമരുന്ന് കടത്തുകാരെ പിടികൂടുന്നതിനും പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും വ്യാപനം തടയുന്നതിനും അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിന്റെ പ്രധാന്യം ഈ നടപടി എടുത്തുകാണിക്കുന്നതായി ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. ഇത്തരം നീക്കങ്ങൾ ലഹരിമരുന്നിനെതിരായ സംയുക്ത പോരാട്ടം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നും ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.