ലഹരികടത്ത്; രണ്ടുപേർ പിടിയിൽ
കുവൈത്ത് സിറ്റി: ലഹരിമരുന്നുകളും സൈകോട്രോപ്പിക് മരുന്നുകളും കടത്തി സംഭവത്തിൽ ഒരാൾ പിടിയിൽ. ലഹരിമരുന്ന് പുരട്ടിയ 800 കടലാസ് ഷീറ്റുകളും, ദ്രാവകരൂപത്തിലുള്ള രണ്ട് ആംപ്യൂളുകളും, രണ്ട് ത്രാസുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ കീഴിലുള്ള അന്താരാഷ്ട്ര നിയന്ത്രണ വിഭാഗമാണ് നടപടികൾ സ്വീകരിച്ചത്.
കടത്തുന്നതിനും വ്യക്തിപരമായ ആവശ്യത്തിനുമായാണ് ഇവ കരുതിയിരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത സാധനങ്ങളെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മറ്റൊരു സംഭവത്തിൽ ലഹരിമരുന്നുകളും സൈകോട്രോപ്പിക് വസ്തുക്കളുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരാൾ പിടിയിലായി. ബെയ്‌റൂത്തിൽ നിന്നെത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ടെർമിനൽ 4-ൽ നിന്ന് ഇവ പിടിച്ചെടുത്തത്. 530 ഗ്രാം ഭാരമുള്ള ഏഴ് കഷ്ണം ഹാഷിഷും 1.15 ഗ്രാം കൊക്കെയ്ൻ അടങ്ങിയ ബാഗും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ, സൈക്കോട്രോപിക് മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന 'ലിറിക്ക' അടങ്ങിയ 74 പെട്ടികൾ കണ്ടെടുത്തു. ഇവയിൽ 4,144 ക്യാപ്‌സ്യൂളുകൾ അടങ്ങിയിരുന്നു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ നാർക്കോട്ടിക്സ് കൺട്രോളിന് കൈമാറി.
നിരോധിത വസ്തുക്കൾ കുവൈത്തിലേക്ക് കടത്താനുള്ള ശ്രമങ്ങൾക്കെതിരെ കർശന ജാഗ്രത തുടരുമെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.