പിടികൂടിയ കഞ്ചാവ് ചെടികൾ
കുവൈത്ത് സിറ്റി: വീട്ടിൽ കഞ്ചാവ് വളർത്തിയ സ്വദേശിയെയും മയക്കുമരുന്ന് പദാർഥങ്ങൾ കൈവശം വെച്ച മൂന്ന് ഏഷ്യൻ സ്വദേശികളെയും ക്രിമിനൽ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. 270 മരിജുവാന തൈകൾ, 5,130 കിലോഗ്രാം കഞ്ചാവ്, 4,150 ക്യാപ്റ്റഗൺ ഗുളികകൾ, മറ്റു മയക്കുമരുന്ന് പദാർഥങ്ങൾ എന്നിവ ഇവരിൽ നിന്ന് പിടികൂടി. വീട്ടിൽ പ്രത്യേക മുറി ഒരുക്കിയായിരുന്നു കഞ്ചാവ് തൈകൾ വളർത്തിയിരുന്നത്. ചെടികൾ വളരാൻ ആവശ്യമായ ക്രമീകരണവും വെള്ളവും വെളിച്ചവും എല്ലാം സജ്ജീകരിച്ചിരുന്നു.
മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 50 ഗ്രാം ഹാഷിഷ്, 21 ഗ്രാം കൊക്കെയ്ൻ, ആറു കാൻ മരിജുവാന ഓയിൽ, മരിജുവാന ഇലക്ട്രോണിക് സിഗരറ്റുകൾ, ലഹരി നിറച്ച മധുരപലഹാരങ്ങൾ, 10 കുപ്പി മദ്യം എന്നിവയും പ്രതികളിൽ നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർവ്യക്തമാക്കി. നിയമ നടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നാർക്കോട്ടിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് മയക്കുമരുന്ന് ഇടപാട്, കടത്തൽ, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആരും നിയമത്തിന് അതീതരല്ലന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.