അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: കുവൈത്തിന് ഏത് വെല്ലുവിളിയെയും മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണർത്തി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. ഉൾകാഴ്ചയോടെയും വിവേകത്തോടെയുമുള്ള ഇടപെടലുകൾ വിജയിക്കുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. പ്രതിസന്ധികളെ നേരിടുമ്പോഴുള്ള ഐക്യമാണ് ഒരു രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതെന്നും അമീർ സൂചിപ്പിച്ചു.
റമദാനിലെ അവസാന പത്ത് രാവുകളെ അനുസ്മരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെയാണ് സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അമീറിന്റെ വാക്കുകൾ. കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ സൈനിക ഉദ്യോഗസ്ഥരുടെയും നിരപരാധികളായ സാധാരണക്കാരുടെയും നഷ്ടത്തിന് കാരണമായതായി അമീർ ചൂണ്ടിക്കാട്ടി.
ഒരു രാജ്യത്തിനെതിരെയും സൈനിക നടപടികൾക്ക് തങ്ങളുടെ പ്രദേശവും വ്യോമാതിർത്തിയും ഉപയോഗിക്കില്ലെന്ന കുവൈത്തിന്റെ നിലപാട് അമീർ ആവർത്തിച്ചു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ സൗഹൃദ, സഹോദര രാഷ്ട്രങ്ങൾ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തെ അമീർ പ്രശംസിച്ചു. ഐക്യരാഷ്ട്രസഭയുടെ ആർട്ടിക്കിൾ 51 അനുസരിച്ച് കുവൈത്ത് അതിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി.
രാഷ്ട്രത്തെ സംരക്ഷിക്കുക എന്നത് പൊതു ഉത്തരവാദിത്തമാണെന്നും സമൂഹത്തെ അസ്ഥിരപ്പെടുത്തുന്ന തെറ്റായ വിവരങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഉണർത്തി. കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും, സന്ദർശകർക്കും റമദാൻ ആശംസകൾ നേർന്ന അമീർ ക്ഷമ, കാരുണ്യം, പരസ്പര പിന്തുണ, സാമൂഹിക ഉത്തരവാദിത്തം എന്നീ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സമയമായി റമദാൻ മാസത്തെ വിശേഷിപ്പിച്ചു.
ദേശീയ ഐക്യവും കൂട്ടായ പുരോഗതിയും ശക്തിപ്പെടുത്തുന്നതിന് ഈ തത്ത്വങ്ങൾ പ്രയോഗിക്കാനും ആഹ്വാനം ചെയ്തു. ആക്രമണത്തിൽ രക്തസാക്ഷികളായവർക്കായി അമീർ പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.