കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്തം പതിവായിരിക്കുകയാണ്. അപ്പാർട്മെന്റുകളിലും കെട്ടിടങ്ങളിലുമാണ് നിലവിൽ തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും വാഹന ഉടമകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.
കടുത്ത ചൂടിൽ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യതയേറെയാണ്. മുൻവർഷങ്ങളിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അശ്രദ്ധയാണ് വാഹനങ്ങളിലെ തീപിടിത്തത്തിന് പ്രധാന കാരണം. വാഹനങ്ങളിലെ സീറ്റുകള്‍ തുണിയും പഞ്ഞിയും കൊണ്ടുണ്ടാക്കുന്നതാണ്. ചെറിയ തീപ്പൊരി പടർന്ന് വലിയ അപകടങ്ങൾക്ക് കാരണമാകാം. വാഹനങ്ങളിലെ ഇന്ധനങ്ങളുടെ സാന്നിധ്യവും ഉയർന്ന അന്തരീക്ഷ ഊഷ്മാവും ചൂടുകാറ്റും മൂലം തീ പടർന്നാൽ നിയന്ത്രണവിധേയമാക്കുക പ്രയാസമാകും. വേനൽക്കാലത്ത് അഗ്നിശമന ഉപകരണങ്ങൾ വാഹനത്തിൽ കരുതുന്നത് ഗുണകരമാണ്. അടിയന്തര ഘട്ടങ്ങളിൽ ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സഹായം തേടാൻ മടിക്കരുത്.
നിർത്തിയിടുന്ന വാഹനത്തിന്റെ ചില്ല് ഒരിഞ്ച് താഴ്ത്തിവെക്കുന്നത് വായുസഞ്ചാരത്തിന് സഹായിക്കും. വാഹനം തുറന്നയുടനെ എ.സി പ്രവർത്തിപ്പിക്കുന്നത് നല്ലതല്ല. അൽപം തുറന്നുവെച്ചശേഷം സ്റ്റാർട്ട് ചെയ്ത് ഓടിത്തുടങ്ങുമ്പോൾ പ്രവർത്തിപ്പിക്കലാണ് ഉചിതം, പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വണ്ടിയിൽ അലക്ഷ്യമായി വാരിവലിച്ചിടരുത്.
ഓടിക്കൊണ്ടിരിക്കെ വാഹനങ്ങളുടെ ചക്രം പൊട്ടിത്തെറിച്ചുണ്ടാവുന്ന അപകടങ്ങളും ചൂടുകാലത്ത് സംഭവിക്കാറുണ്ട്. തേഞ്ഞ് പൊട്ടാറായ ചക്രങ്ങൾ മാറ്റാതെ നീട്ടിവെക്കുന്നത് ജീവനുതന്നെ ഭീഷണിയാവും. തേഞ്ഞുതീർന്ന ചക്രങ്ങളുള്ള വാഹനങ്ങൾ അമിത വേഗം ഒഴിവാക്കണം.
തിരക്കേറിയ റോഡുകളിൽ ചക്രം പൊട്ടി വാഹനം നിയന്ത്രണം വിട്ടാൽ കൂട്ടയിടിയാവും ഫലം. ഇത്തരം വാഹനങ്ങളുമായി മരുഭൂമിയിലെ സഞ്ചാരവും ഒഴിവാക്കണം. ചക്രം പൊട്ടി മരുഭൂമിയിൽ ഒറ്റപ്പെട്ടുപോകാനുള്ള സാധ്യത ഏറെയാണ്. മരുഭൂമിയിലെ യാത്രക്ക് നല്ല വാഹനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ദീർഘയാത്രക്കു മുമ്പ് വാഹനങ്ങൾ പരിശോധിച്ച് യന്ത്രങ്ങളുടെയും ടയറിന്റെയും ഗുണനിലവാരം ഉറപ്പാക്കണം.
ചൂടുകാലാവസ്ഥയിൽ വെള്ളക്കുപ്പികള്‍ വാഹനത്തിൽ ഉപേക്ഷിച്ച് പോകരുത്. പകല്‍ സമയത്ത് വെള്ളക്കുപ്പികള്‍ കാറില്‍ ഉപേക്ഷിച്ചുപോകുന്നതു വലിയ അപകടത്തിന് കാരണമാവും. സൂര്യകിരണങ്ങള്‍ വെള്ളക്കുപ്പിയില്‍ പ്രതിഫലിക്കുക വഴി കാറില്‍ തീ പടരാന്‍ സാധ്യതയുണ്ട്. പ്ലാസ്റ്റിക് ബോട്ടിലുകളിൽ കാറിലിരുന്ന് ചൂടായ വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
1.സുരക്ഷിതവും തണലും ഉള്ളയിടത്ത് വാഹനങ്ങൾ നിർത്തിയിടുക
2.വാഹനത്തിലിരുന്ന് പുകവലിക്കരുത്
3.അശ്രദ്ധമായി വാഹനത്തിൽ സാധനങ്ങൾ വലിച്ചുവാരിയിടരുത്
4.പവർബാങ്കും പോർട്ടബിൾ ചാർജറും പോലെയുള്ള സാധനങ്ങൾ വാഹനത്തിൽ വെക്കരുത്
5.കരിയും പുകയും കരിഞ്ഞ മണവും പോലെയുള്ള അടയാളങ്ങൾ അവഗണിക്കരുത്
6.ഗ്യാസ് ലൈറ്റർ വാഹനത്തിൽ കരുതുന്നത് അപകടമാണ്
7.റേഡിയേറ്ററിൽ വെള്ളം/കൂളൻറ് ഉണ്ടെന്ന് ഉറപ്പാക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.