കുവൈത്ത് സിറ്റി: കൊടും തണുപ്പിൽ വിറച്ച് രാജ്യം. ദിവസങ്ങളായി രാജ്യത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാത്രിയിലും പുലർച്ചെയും തണുപ്പിന്റെ ശക്തികൂടുന്നുണ്ട്. മരുഭൂമിപ്രദേശങ്ങളിൽ തീവ്ര തണുപ്പാണ് അനുഭവപ്പെടുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റ് ഉയർന്ന വേഗതയിൽ വീശുന്നതും തണുപ്പിന്റെ ശക്തികൂട്ടുന്നു.
വ്യാഴാഴ്ച പുലർച്ചെ സൗദി അതിർത്തിക്കും ബൗബിയാൻ ദ്വീപിനും സമീപമുള്ള സാൽമിയിൽ താപനില -3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. മറ്റു സമയങ്ങളിൽ സാൽമിയിൽ താപനില -8 ഡിഗ്രി സെൽഷ്യസായിരുന്നു. ഇറാഖി അതിർത്തിയിലെ അബ്ദലിയിൽ വ്യാഴാഴ്ച പുലർച്ചെ താപനില -1 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. സാൽമിക്കടുത്തുള്ള മണീഷിൽ പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. അഹമ്മദിയിലും ജുലൈയയിലും രണ്ടു ഡിഗ്രി സെൽഷ്യസും ഫൈലക്കയിൽ മൂന്നു ഡിഗ്രി സെൽഷ്യസും ആയി താപനില താഴ്ന്നു.
വരും ദിവസങ്ങളിൽ പരമാവധി താപനില 15-21 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞത് 5-11 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ മഴ എത്തി. ഉച്ചയോടെ ആകാശം മോഘാവൃതമാകുകയും വൈകീട്ടോടെ നേരിയ മഴ പെയ്യുകയുമായിരുന്നു. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്ച മുതൽ ഉയർന്ന താപനിലയോടെ കാലാവസ്ഥ സ്ഥിരതയുള്ളതാകും. കുവൈത്ത് സിറ്റിയിലും വിമാനത്താവളത്തിലും പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസ് ആയി ഉയരും.
അതേസമയം, കാറ്റ് തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് മാറുകയും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യും. ഇത് പൊടിപടലങ്ങൾക്കും ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നതിനും കടൽ തിരമാലകൾ ഏഴ് അടിക്ക് മുകളിൽ ഉയരുന്നതിനും കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.