കുവൈത്ത് സിറ്റി: മയക്കുമരുന്ന്, ലഹരി വസ്തുക്കൾ എന്നിവക്കെതിരായ നടപടികൾ ശക്തമാക്കി കുവൈത്ത്. ലഹരി വസ്തുക്കളും നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമത്തിന് കുവൈത്ത് അമീർ അംഗീകാരം നല്കി. അടുത്ത ഞായറാഴ്ച ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന നിയമം രണ്ട് ആഴ്ചക്കകം പ്രാബല്യത്തിൽ വരും.13 അധ്യായങ്ങളിലായി 84 വകുപ്പ് ഉൾക്കൊള്ളുന്ന പുതിയ നിയമം 1983 ലെയും 1987 ലെയും പഴയ നിയമങ്ങൾ റദ്ദാക്കുകയും മയക്കുമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും ഏകീകരിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.
മയക്കുമരുന്നുകളുടെ ഉൽപാദനം, കൃഷി, നിർമാണം, ഇറക്കുമതി, കയറ്റുമതി, കൈവശം വെക്കൽ, വിൽപന, ഉപഭോഗം തുടങ്ങിയ പ്രവർത്തനങ്ങൾ കർശനമായി നിയമം നിരോധിക്കുന്നു. മയക്കുമരുന്ന് കടത്തൽ, ഉൽപാദനം, കൃഷി തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ, വൻ തുക പിഴയും ലഭിക്കുമെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ചികിത്സ, ഗവേഷണം തുടങ്ങിയ നിർദിഷ്ട ആവശ്യങ്ങൾക്കായി മാത്രമേ പ്രത്യേക ഇനങ്ങൾക്ക് അനുമതി നൽകൂ. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ആരോഗ്യ
മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരിക്കും. ഫാർമസ്യൂട്ടിക്കൽ നിർമാണത്തിന് ലൈസൻസുള്ള ഫാക്ടറികൾക്കും ഇവ കൈകാര്യം ചെയ്യാൻ അനുമതി ലഭിക്കും. ചില സസ്യങ്ങളുടെ കൃഷി സർക്കാർ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ലൈസൻസുള്ള ഗവേഷണ കേന്ദ്രങ്ങൾക്കും മാത്രമായി പരിധിപ്പെടുത്തിയിട്ടുണ്ട്.മയക്കുമരുന്ന് വിരുദ്ധ ദേശീയ തന്ത്രം രൂപവത്കരിക്കാൻ ‘സുപ്രീം കൗൺസിൽ ഫോർ കോംബാറ്റിങ് ഡ്രഗ്സ്’ എന്ന പുതിയ ഉന്നത കൗൺസിൽ സ്ഥാപിക്കും.
ആരോഗ്യ മന്ത്രാലയം പ്രത്യേക പുനരധിവാസ-ആസക്തി ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും, ഇവിടങ്ങളിൽ 21 വയസ്സിന് താഴെയുള്ളവർക്കായി പ്രത്യേക വിഭാഗം നിർബന്ധമാണെന്നും നിയമം പറയുന്നു. സ്വമേധയ ചികിത്സ തേടുന്നവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യില്ല. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട ലൈസൻസുള്ള ഏത് സ്ഥാപനത്തിലും പ്രവേശിച്ച് പരിശോധന നടത്താനുള്ള അധികാരവും പുതിയ നിയമം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.