കുവൈത്ത് സിറ്റി: ലഹരിക്കെതിരെ കുവൈത്ത് കർശന നടപടികളിലേക്ക് കടക്കുന്നു. ലഹരി കേസുകളിൽ കർക്കശവും സമഗ്രവുമായ നടപടികൾ ഉറപ്പുവരുത്തുന്ന പുതിയ ‘മയക്കുമരുന്ന് വിരുദ്ധ നിയമം’ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ, തടവ്, പിഴ എന്നിങ്ങനെ പുതിയ നിയമത്തിൽ ശിക്ഷ കനത്തതാക്കിയിട്ടുണ്ട്.
മയക്കുമരുന്നുകളെയും സൈക്കോട്രോപിക് വസ്തുക്കളെയും ചെറുക്കുന്നതും ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതുമാണ് പുതിയ നിയമം. ശിക്ഷാനടപടികൾ, പ്രതിരോധം, ചികിത്സ എന്നിവയുൾപ്പെടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പുതിയ നിമയത്തിൽ ഉൾക്കൊള്ളുന്നു. നിയമം കർശനമായി നടപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും രാജ്യത്ത് പൂർത്തിയായിട്ടുണ്ട്.
ലഹരിയിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുക കൂട്ടായ ഉത്തരവാദിത്തമായാണ് അധികൃതർ കാണുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയാക്കാനും സംവിധാനമുണ്ട്.
കേസുകൾ റിപ്പോർട്ട് ചെയ്യാം
മയക്കുമരുന്ന് ആസക്തി കേസുകൾ സുരക്ഷിതമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കുടുംബാംഗങ്ങൾ 112, 1884141 ഹോട്ട്ലൈനുകളിൽ വിവരം നൽകിയാൽ കേസ് രജിസ്റ്റർ ചെയ്യാതെ അംഗീകൃത കേന്ദ്രങ്ങളിൽ ചികിത്സ ലഭ്യമാകും. സ്വമേധയാ ചികിത്സ തേടുന്നവരെ ക്രിമിനൽ കേസുകളിൽ നിന്ന് ഒഴിവാക്കുകയും സ്വകാര്യത ഉറപ്പാക്കുകയും ചെയ്യും.
ആസക്തിയെ ചുറ്റിപ്പറ്റിയുള്ള അപമാനബോധം കുറക്കുകയും പുനരധിവാസം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. അടിയന്തര സഹായത്തിനും മാർഗനിർദേശത്തിനുമായി ഔദ്യോഗിക ഹോട്ട്ലൈനുകളും അംഗീകൃത ചികിത്സാ കേന്ദ്രങ്ങളും ഉപയോഗിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.