അബ്ദുലത്തീഫ് ഫെറിയിൽ
ജൂൺ അഞ്ചിനാണ് ഇറാനിലെ തെഹ്റാനിൽ വിമാനമിറങ്ങിയത്. ശാന്തസുന്ദരമായ ഇറാന്റെ തലസ്ഥാന നഗരം ബലിപെരുന്നാളിന്റെ അന്തരീക്ഷത്തിലായിരുന്നു. ആഘോഷത്തിനായി നഗരത്തിലേക്ക് വന്നെത്തുന്ന മനുഷ്യർ, സജീവമായ കച്ചവട ഇടങ്ങൾ.
13ന് തിരിച്ചുപോരുന്ന തരത്തിൽ ഒരാഴ്ചയിലെ സന്ദർശനമായിരുന്നു ലക്ഷ്യം. ഇറാൻ സന്ദർശനമെന്നത് ദീർഘകാല ആഗ്രഹമായതിനാൽ ആവേശത്തോടെ പ്രധാനയിടങ്ങളെല്ലാം സന്ദർശിച്ച് 12ന് രാത്രി വീണ്ടും തെഹ്റാനിലെത്തി. പിറ്റേദിവസം കുവൈത്തിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.
അബ്ദുലത്തീഫ് ഇറാനിൽ
ആശങ്കയുടെ വെള്ളിയാഴ്ച
എന്നാൽ നേരം വെളുത്തപ്പോൾ സംഗതിയാകെ മാറി. പുറത്തിറങ്ങിയപ്പോഴാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചതായ വിവരം അറിഞ്ഞത്. അതിന് പിറകെ വിമാനത്താവളവും വ്യോമപാതയതും ഇറാൻ അടച്ചു. തിരിച്ചുപോരാനുള്ള വഴി അടഞ്ഞതോടെ ഉള്ളിൽ പേടി തോന്നിതുടങ്ങി. തെഹ്റാനിൽ നിൽക്കുന്നത് സുരക്ഷിതമല്ലെന്ന് പലരും പറഞ്ഞു. എന്തുചെയ്യും, എങ്ങോട്ടുപോകും എന്നൊരു രൂപവും കിട്ടിയില്ല. ഇതിനിടെയാണ് ഇറാനിൽനിന്ന് കണ്ടുമുട്ടിയ മലയാളിയുടെ വിളി എത്തിയത്. ഉടൻ യസ്ദിലെത്താൻ അദ്ദേഹം പറഞ്ഞു. 600ഒാളം കിലോമീറ്റർ ദൂരയൊണ് യസ്ദ്. ഓടിപ്പിടിച്ച് ബസ് സ്റ്റേഷനിൽ എത്തി. ബസുകൾ എല്ലാം നിറഞ്ഞിരിക്കുന്നു. ട്രെയിനിലും നല്ല തിരക്കുണ്ട്. യസ്ദിലേക്ക് ടിക്കറ്റില്ല. ഒടുക്കം വൻ തുകക്ക് ഇരട്ടി ദൂരമുള്ള ബന്ദർ അബ്ബാസിലേക്ക് ടിക്കറ്റ് എടുത്തു യസ്ദിൽ ഇറങ്ങി.
അന്നു രാത്രി യെസ്ദിൽ തങ്ങി. പിറ്റേദിവസം കാർമാർഗം ഷിറാസിലേക്ക് പുറപ്പെട്ടു. അവിടെനിന്ന് തെക്കൻ തീരത്തുള്ള തുറമുഖമായ ബന്ദർ അബ്ബാസിലെത്തി ഇറാന് പുറത്തുകടക്കുയായിരുന്നു ലക്ഷ്യം. ബന്ദർ അബ്ബാസ് തുറമുഖത്തുനിന്ന് ഷാർജയിലേക്കുള്ള ഫെറി സർവിസായിരുന്നു പ്രതീക്ഷ. ഷിറാസിൽനിന്ന് 600 കിലോമിറ്റർ സഞ്ചരിച്ച് ബന്ദർ അബ്ബാസ് തുറമുഖത്തെത്തുമ്പോൾ അന്നത്തെ ഫെറി പുറപ്പെട്ടിരുന്നു. അടുത്ത ദിവസത്തേക്ക് ടിക്കറ്റിന് ശ്രമിച്ചെങ്കിലും കിട്ടിയത് 19ന്. വീണ്ടും അനിശ്ചിതത്വത്തിന്റെ മണിക്കൂറുകൾ.
അടുത്ത ഇന്ത്യ കോൺസുലേറ്റുമായി ബന്ധപ്പെട്ട് മറ്റു ശ്രമങ്ങളും ഇതിനിടെ നടത്തി. ഫെറി യാത്ര തന്നെയാണ് അവരും നിർദേശിച്ചത്. എല്ലാ സഹായ വാഗ്ദാനവും കോൺസുലേറ്റ് നൽകിയത് ആശ്വാസമായി.
17ന് കപ്പൽ പുറപ്പെടുന്നതായി അറിഞ്ഞു. ടിക്കറ്റ് ഇല്ലെങ്കിലും ഉച്ചയോടെ പോർട്ടിലെത്തി. രാത്രി എട്ടിന് പുറപ്പെടുന്ന 200 സീറ്റുള്ള ഫെറി അപ്പോഴേക്കും ആളുകളാൽ നിറഞ്ഞിരുന്നു. പിന്നെയും നൂറിനടുത്ത് ആളുകൾ പുറത്തുണ്ട്. പ്രതീക്ഷ അസ്തമിച്ചെങ്കിലും തിരിച്ചുപോയില്ല. കപ്പൽ പോകുന്നതുവരെ നിൽക്കാമെന്നും അത്ഭുതം സംഭവിച്ചാലോ എന്നും കരുതി. അതു തന്നെ സംഭവിച്ചു. ഇന്ത്യക്കാർ വരൂ എന്നു വിളിച്ചതും ഓടിച്ചെന്നു. അതെങ്ങനെയാണ് ഞങ്ങളെ വിളിച്ചത് എന്ന് ഇപ്പോഴും അറിയില്ല.
കപ്പലിൽ 300ഓളം പേർ ഉണ്ടായിരുന്നു. പല രാജ്യങ്ങളിൽ നിന്നുള്ളവർ. വിദേശങ്ങളിൽ ജോലി ചെയ്യുന്ന ഇറാനികൾ. പലയിടങ്ങളിലായി ഞങ്ങൾ ഇരുന്നു. ഡൈനിങ് ടേബിളിലും ഡോക്കിലും ചിലർ ഇടം പിടിച്ചു. എനിക്ക് നമസ്കാരമുറിയിൽ ചെറിയ ഇടം കിട്ടി. രാത്രി 10ഓടെ ഫെറി ഷാർജയിലേക്ക് പുറപ്പെട്ടു. ഭക്ഷണവും വെള്ളവും നൽകി ഫെറി ജീവനക്കാർ ഞങ്ങളെ ആശ്വസിപ്പിച്ചു. 12 മണിക്കൂറോളം കടൽ യാത്ര ചെയ്ത് ബുധനാഴ്ച രാവിലെ 10ഓടെ ഷാർജ തുറമുഖത്തെത്തി. ഇറാനിൽ ഇന്റർനെറ്റ് തകരാർ കാരണം യാത്രാരേഖകൾ ഷാർജ തുറമുഖ ഉദ്യോഗസ്ഥർക്ക് ലഭ്യമാകാത്തത് ഇതിനിടെ ചെറിയ ആശങ്ക സൃഷ്ടിച്ചു. വൈകീട്ട് അഞ്ചോടെയാണ് ഇതെല്ലാം പരിഹരിച്ച് പുറത്തെത്തിയത്.
സംഘർഷ ദിനങ്ങളിൽ ദീർഘദൂരം ഇറാനിലൂടെ സഞ്ചരിച്ചെങ്കിലും യുദ്ധത്തിന്റെ ഭീതി എവിടെയും ദൃശ്യമായില്ല. ജനങ്ങളിൽ ഒരു ആശങ്കയുമില്ലായിരുന്നു. മാർക്കറ്റുകൾ എല്ലായിടത്തും തുറന്നു കിടന്നു. വാഹനങ്ങളും ട്രെയിൻ സർവിസും പതിവുപോലെ നടക്കുന്നുണ്ട്. വൈദ്യുതിക്കോ വെള്ളത്തിനോ തടസ്സമുണ്ടായില്ല. ആകാശ വഴി അടഞ്ഞതും ഇന്റർനെറ്റ് വേഗതകുറവുമാണ് ആകെ നേരിട്ട പ്രശ്നങ്ങൾ. ഷിറാസിൽ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആകാശത്ത് മിസൈലുകളുടെ കൂട്ടിയിടി കണ്ടു. ഇസ്രായേൽ ഡ്രോൺ ഇറാൻ തകർത്തതാണ്. സംഘർഷം വർധിച്ച് ഇറാനിൽ അകപ്പെട്ടുപോകുമോ എന്നതിലും ആശങ്കയില്ലായിരുന്നു. കാരണം അതിനകം കണ്ടുമുട്ടിയ ഇറാനികളിൽ പലരും സ്നേഹത്തോടെ വീട്ടിലേക്കും ഭക്ഷണം കഴിക്കാനും ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.