ജി.സി.സി സൈബർ സുരക്ഷ സമ്മേളനത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: സൈബർ സുരക്ഷ, സഹകരണം എന്നിവ ചർച്ച ചെയ്ത് കുവൈത്തിൽ ജി.സി.സി സൈബർ സുരക്ഷ സമ്മേളനവും പ്രദർശനവും. അഞ്ചാമത് സമ്മേളനം സൈബർ രംഗത്തെ പ്രതിസന്ധി കൈകാര്യം ചെയ്യൽ, കഴിവുകൾ വികസിപ്പിക്കൽ, സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റൽ അന്തരീക്ഷത്തെ പിന്തുണക്കൽ എന്നിവയും ചർച്ചചെയ്തു. ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും സെക്രട്ടേറിയറ്റ് ജനറലും സമ്മേളനത്തിൽ പങ്കെടുത്തു.
സൈബർ സുരക്ഷ ഇനി ഐച്ഛികമല്ലെന്നും ഒരു പ്രധാന ആവശ്യകതയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കുവൈത്ത് നാഷനൽ സൈബർ സുരക്ഷ കേന്ദ്രം മേധാവി എൻജിനീയർ അബീർ അൽ അവാദി ചൂണ്ടിക്കാട്ടി. സുപ്രധാന സേവനങ്ങളും ദൈനംദിന ജീവിതവും ഡിജിറ്റൽ ഇടത്തെ ഇന്ന് കൂടുതലായി ആശ്രയിക്കുന്നു. ഈ ഇടം സംരക്ഷിക്കുക എന്നത് പ്രധാന കടമയും കൂട്ടായ ഉത്തരവാദിത്തവുമാണ്, അതിന് ഏകീകൃത നടപടികളും ഭീഷണികളെ നേരിടാനുള്ള നിരന്തര സന്നദ്ധതയും ആവശ്യമാണെന്ന് അവർ പറഞ്ഞു.
സൈബർ ലോകത്തെ വർധിച്ചുവരുന്ന വെല്ലുവിളികൾക്കിടയിൽ ഡിജിറ്റൽ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കഴിവുകൾ സംരക്ഷിക്കുന്നതിനുമുള്ള ജി.സി.സി രാജ്യങ്ങളുടെ ഉറച്ച പ്രതിബദ്ധതയാണ് സമ്മേളനത്തിൽ പ്രതിഫലിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സമ്മേളനത്തിന്റെ വിജയത്തിന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ ആശംസകൾ അവർ അറിയിച്ചു. ജി.സി.സി സൈബർ സുരക്ഷ ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും സംഘാടകർക്കും അബീർ അൽ അവാദി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.