കുവൈത്ത് സിറ്റി: ലോകരാജ്യങ്ങളെ ആശങ്കയിലാക്കിയ റാന്‍സംവെയര്‍ ആക്രമണം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ. സൈബർ സുരക്ഷക്കായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി സെൻറർ മേധാവി ഖുസൈ അൽ ശത്തിയാണ് ഇതുവരെ സൈബർ ആക്രമണം സംബന്ധിച്ച പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.
ലോകം കണ്ടതില്‍ വെച്ച് ഏറ്റവും രൂക്ഷമായ സൈബര്‍ ആക്രമണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റാൻസംവെയർ രാജ്യത്തെ സർക്കാർ വെബ് സൈറ്റുകളെയോ സ്വകാര്യ ഇൻറർനെറ്റ് ശൃംഖലകളെയോ ഇതുവരെ ബാധിച്ചതായി അറിവില്ലെന്നു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഐ.ടി.സി ഡയറക്ടർ പറഞ്ഞു.
റാൻസംവെയർ ആക്രമണം സംബന്ധിച്ചതായി പരാതിപ്പെട്ട് ഇതുവരെ ആരും കേന്ദ്രത്തെ സമീപിച്ചിട്ടില്ല. അത് കൊണ്ട് തന്നെ നിലവിൽ രാജ്യത്തെ ഇൻറർനെറ്റ് ശൃഖല സുരക്ഷിതമാണ്. രാജ്യത്തെ മിക്ക വകുപ്പുകളും വാരാന്ത്യങ്ങളിൽ ഡാറ്റ ബാക്കപ്പ് നടത്തുന്നവയാണ്. ആഭ്യന്തരമന്ത്രാലയവും മറ്റും വിവരങ്ങളുടെ പകർപ്പുകൾ ഓരോ ദിവസവും ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ റാൻസം വെയർ ആക്രമണമുണ്ടായാൽ തന്നെ അത് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇൻഫർമേഷൻ ടെക്‌നോളജി സെൻറർ മേധാവി കൂട്ടിച്ചേർത്തു. വിവര സാങ്കേതികരംഗം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാർച്ചിലാണ് കുവൈത്ത് നാഷനൽ സൈബർ സെക്യൂരിറ്റി സെൻറർ പ്രത്യേക കേന്ദ്രം സ്ഥാപിച്ചത്. പബ്ലിക് അതോറിറ്റി ഫോർ ഇൻഫർമേഷെൻറ മേൽനോട്ടത്തിലാണ് സെക്യൂരിറ്റി സെൻറർ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.