കുവൈത്ത് സിറ്റി: വിമാനത്താവളത്തിൽ യാത്രക്കാരുടെ സാധനങ്ങൾ മോഷ്ടിച്ചിരുന്ന എട്ടംഗ സംഘത്തെ എയർപോർട്ട് ഇൻറലിജൻസ് വിഭാഗം പിടികൂടി. വിമാനത്താവളത്തിലെ ക്ലീനിങ് ജോലി ഏറ്റെടുത്ത സ്വകാര്യ കമ്പനിക്ക് കീഴിലെ ഏഴ് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയുമാണ് പിടിയിലായത്. ഭാരം കൂടിയ ലഗേജുകൾ കെട്ടഴിച്ച് ചെറുതാക്കുന്ന വേളയിലാണ് ഇവർ സാധനങ്ങൾ കൈക്കലാക്കുന്നത്. മോഷ്ടിച്ച സാധനങ്ങൾ കീസുകളിലാക്കി സൂക്ഷിക്കുകയും തുടർന്ന് ജോലി കഴിഞ്ഞ് പോകുമ്പോൾ താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയുമാണ് ഇവരുടെ രീതി.
ആദ്യത്തിൽ കമ്പനിയുടെ താമസസ്ഥലത്തായിരുന്നു തൊണ്ടി മുതലുകൾ സൂക്ഷിച്ചിരുന്നത്. എന്നാൽ, ഇവ കൂടിവന്നതോടെ ജലീബിൽ വാടകക്കെടുത്ത പ്രത്യേക മുറിയിലായി മോഷണ മുതലുകൾ സൂക്ഷിക്കൽ. രഹസ്യാന്വേഷണ വിഭാഗം നടത്തിയ റെയ്ഡിൽ സ്വർണാഭരണങ്ങൾ, വിലകൂടിയ മൊബൈലുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ജലീബിലെ മുറിയിൽനിന്ന് കണ്ടെടുത്തു.
യാത്രക്കാരുടെ വസ്തുക്കൾ തുടർച്ചയായി നഷ്ടപ്പെടുന്നതായി നാലു വിമാന കമ്പനികൾ എയർപോർട്ട് അതോറിറ്റിക്ക് പരാതി നൽകിയതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. ഇന്ത്യക്കാരനായ ഒരു ക്ലീനിങ് തൊഴിലാളിയെയാണ് രഹസ്യാന്വേഷണ വിഭാഗം ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റുള്ളവരെയെയും പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.