ആഘോഷങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. ശാരീരികവും മാനസികവുമായ നേട്ടങ്ങൾ അത് നൽകുന്നു. സന്തോഷത്തിന്റെ ഒത്തുചേരലുകൾ നൽകുന്ന ഗുണങ്ങൾ ഏറെയുണ്ട്. മാനസികമായ സമ്മർദങ്ങളെ അലിയിച്ചുകളയാൻ അത് സഹായിക്കും. സാമൂഹിക ബന്ധങ്ങളെ മെച്ചപ്പെടുത്തും. എന്നാൽ, ഈ ഗുണങ്ങളെല്ലാം വന്നുചേരണമെങ്കിൽ ആഘോഷം ആരോഗ്യകരമായിരിക്കണം.
പുതിയ കാലത്തെ പല ആഘോഷങ്ങളും ലഹരിയുടെയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുടെയും ഇടമായി മാറുന്നുണ്ട്. ലഹരിയില്ലാതെ എന്ത് ആഘോഷമെന്ന് ചിന്തിക്കുന്നവരുണ്ട്. ആഘോഷം തന്നെ അതിനുവേണ്ടിയാണെന്ന് വാദിക്കുന്നവരുമുണ്ട്. മറ്റുചിലർ അത്തരം കൂട്ടുകെട്ടിൽ എത്തിപ്പെട്ടതിന് ശേഷം അതിന്റെ ഭാഗമായിപ്പോകുന്നവരാണ്. ആഘോഷത്തിമിർപ്പിലും ചുറ്റുമുള്ളവരുടെ നിർബന്ധത്തിലും വെല്ലുവിളിയിലുമെല്ലാം പെട്ട് മദ്യപാനം അതിരു കടക്കും.
ചെറിയ അളവിൽ പോലും മദ്യം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് അറിയാത്തവരല്ല ഇവരിൽ ഏറിയപേരും. എന്നാൽ, ആഘോഷത്തിമിർപ്പിൽ അക്കാര്യങ്ങളെല്ലാം സൗകര്യപൂർവം മറക്കും. മദ്യസൽക്കാരം പലപ്പോഴും ആകാരണമായ വാദപ്രതിവാദങ്ങൾക്കും ആക്രമണസ്വഭാവത്തിനും കാരണമാകുന്നു. ആഘോഷങ്ങൾക്ക് ശേഷമുള്ള മടക്കയാത്രയിലും ഉല്ലാസയാത്രകളിലും റോഡപകടങ്ങളിൽ ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു പോയിട്ടുണ്ട്.
ആഘോഷങ്ങളിലും ചടങ്ങുകളിലും വിഭവസമൃദ്ധമായ ഭക്ഷണം ഒഴിവാക്കാനാവില്ല. പതിവായി ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് അമിതാഹാരം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയേറുന്നതായിക്കണ്ടിട്ടുണ്ട്.
ഒപ്പം മദ്യം കൂടെയുണ്ടെങ്കിൽ വയററിയാതെ മാംസാഹാരവും കലോറി മൂല്യം കൂടുതലുള്ള ഭക്ഷണവും അകത്താകുന്നവരാണ് ഏറെയും. ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ കാരണം സുഖനിദ്ര കുറഞ്ഞുവരുന്നുണ്ട്.
ജീവിതശൈലീരോഗങ്ങളെ ചെറുത്തുനിൽക്കാൻ മാത്രമല്ല മാനസികാരോഗ്യം നിലനിർത്താനും ശരിയായ ഉറക്കം ആവശ്യമാണ്. ആഘോഷങ്ങൾ അച്ചടക്കത്തോടും ആരോഗ്യകരമായും നടത്തുമ്പോഴാണ് അത് ശരിയായ ഫലം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.