പിടിച്ചെടുത്ത കഞ്ചാവ്
കുവൈത്ത് സിറ്റി: വിമാനം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കാനുള്ള ശ്രമം തകർത്തു കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ. ബ്രിട്ടനിൽനിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ട്രാൻസിറ്റ് വഴി എത്തിയ എയർ കാർഗോ ഷിപ്പ്മെന്റ് പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.പതിവ് പരിശോധന നടപടിക്രമങ്ങൾക്കിടെ സംശയം തോന്നി സമഗ്രമായ പരിശോധന നടത്തുകയായിരുന്നു എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.തുടർന്ന് കാർഗോയിൽ ബുദ്ധിപൂർവ്വം ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. ഏകദേശം 1.142 കിലോഗ്രാം ഭാരമുള്ള 12 കഷണങ്ങളായിട്ടായിരുന്നു ഇവ ഒളിപ്പിച്ചത്.
സംഭവത്തിൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി കേസ് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. മയക്കുമരുന്നുകളുടെ വിപത്തിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത കസ്റ്റംസ് ആവർത്തിച്ചു.വിമാനത്താവളം, കര സമുദ്ര അതിർത്തി പ്രവേശന ഇടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമായി തുടരുന്നതായും വ്യക്തമാക്കി.കള്ളക്കടത്തും ലഹരിയും ദേശീയ സുരക്ഷക്കും പൊതു സുരക്ഷക്കും ഗുരുതരമായ ഭീഷണിയാണ്. ഇവ ചെറുക്കുന്നതിന് വിവിധ സുരക്ഷ ഏജൻസികളുമായി സഹകരണവും ഏകോപനവും തുടരുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.