വ്യോമയാന സുരക്ഷ ദേശീയ സമിതി യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമയാന സുരക്ഷയും സൗകര്യങ്ങളും വിലയിരുത്തി ദേശീയ സമിതി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ചെയർമാൻ ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അൽ ജാബിർ അസ്സബാഹ് അധ്യക്ഷതവഹിച്ചു.
വിമാനത്താവളത്തിന്റെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) നിർദേശിച്ച നടപടികൾ യോഗം ചർച്ചചെയ്തു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉയർന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കാൻ സമഗ്രവും സംയോജിതവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. യോഗത്തിൽ കുവൈത്ത് ആർമി ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.അബ്ദുൽ റഹ്മാൻ അൽ മുതൈരി, നീതിന്യായ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി താരിഖ് അൽ അസ്ഫോർ, ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫാഹ്, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ഫാത്തിമ അൽ ഖല്ലാഫ്, കോൺസുലാർ കാര്യങ്ങളുടെ വിദേശകാര്യ ഡപ്യൂട്ടി അസിസ്റ്റന്റ് മന്ത്രി മുഹമ്മദ് അൽ അലാത്തി, ജനറൽ ഫയർ ഫോഴ്സ് ഡപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ ഒമർ ബർസാലി, സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.