കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞദിവസം മരിച്ച തിരുവനന്തപുരം വർക്കല എടവവെട്ടൂർ റാത്തിക്കൽ സ്വദേശി അഷീർ ഖാൻ താജുദ്ദീെൻറ (45) ഖബറിടം കണ്ടെത്തി കുവൈത്ത് കെ.എം.സി.സി വളൻറിയർമാർ പ്രാർഥന നടത്തി. ജൂൺ രണ്ടിന് ഫഹാഹീലിലെ താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ അദാൻ ആശുപത്രിയിൽ എത്തിച്ചതാണ് അഷീർ ഖാനെ. അഡ്മിറ്റായതിനാൽ മുറിയിലേക്ക് തിരിച്ചുപോയ സുഹൃത്തുക്കൾ പിന്നീട് ഒരു വിവരവും ലഭിക്കാതെ ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നുതന്നെ മരിച്ചതായും കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം കുവൈത്തില്‍ ഖബറടക്കിയതായും ആശുപത്രി അധികൃതർ പറഞ്ഞത് എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കെ.എം.സി.സി ഹെൽപ് ഡെസ്ക് ജനറൽ കൺവീനർ അജ്മൽ വേങ്ങരയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് ഖബറിടം കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെങ്കിലും തുടർന്നുള്ള പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും തുടർന്ന് പെട്ടെന്ന് മറവുചെയ്യുകയായിരുന്നെന്നും അധികൃതർ അറിയിച്ചു.
സുലൈബീകാത്ത് ഖബർസ്ഥാനിലാണ് ഖബറടക്കിയത്. കെ.എം.സി.സി പ്രവർത്തക സമിതിയംഗങ്ങളായ അജ്മൽ വേങ്ങരയും ഷാഫി കൊല്ലവും നിലമ്പൂർ മണ്ഡലം പ്രസിഡൻറ് സലീം നിലമ്പൂരും മയ്യിത്ത് നമസ്കരിക്കുകയും വിഡിയോ കാൾ വഴി ഖബർ ബന്ധുക്കൾക്ക് കാണിക്കുകയും ചെയ്തു. ഹെൽപ് ഡെസ്ക് ചെയർമാൻ സുബൈർ പാറക്കടവ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എന്നാൽ, അഷീറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ കൂടെവന്നവർ അവരുടെ വിവരങ്ങൾ ആശുപത്രി അധികൃതർക്ക് കൈമാറാൻ വിട്ടുപോയതിനാലാണ് മരണവിവരം അറിയിക്കാൻ സാധിക്കാതെ പോയതെന്ന് സൂചനയുണ്ട്. സാധാരണ ബന്ധപ്പെട്ടവരെ അറിയിച്ച ശേഷമേ ഖബറടക്കം നടക്കാറുള്ളൂ. കോവിഡ് മരണങ്ങളിൽ പെട്ടെന്ന് സംസ്കരിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ അഷീറിെൻറ കാര്യത്തിൽ കൃത്യമായി പാലിക്കപ്പെട്ടതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.