അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ രണ്ടാം സെമി ഫൈനലിൽ ഖാദിസിയ അൽ അറബിയെ നേരിടുന്നു
അമീർ കപ്പ് ഫുട്ബാൾ: ഖാദിസിയ x കുവൈത്ത് സ്പോർട്സ് ക്ലബ് ഫൈനൽ
കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ഫൈനലിൽ ഖാദിസിയ കുവൈത്ത് സ്പോർട്സ് ക്ലബുമായി ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അൽ അറബിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഖാദിസിയ കലാശപ്പോരിന് അർഹത നേടിയത്. ആദ്യ സെമി ഫൈനലിൽ കസ്മയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് കുവൈത്ത് സ്പോർട്സ് ക്ലബിെൻറ മുന്നേറ്റം. 15ാം മിനിറ്റിൽ ഇറാഖി പ്രതിരോധ താരം അലി ഫായിസ് നേടിയ ഹെഡർ ഗോളാണ് ഖാദിസിയക്ക് വിജയം സമ്മാനിച്ചത്. അൽബേനിയൻ താരം ലോറൻസ് ട്രാഷിയുടെ ക്രോസ് അലി ഫായിസ് തലകൊണ്ട് ചെത്തിയിട്ടപ്പോൾ അൽ അറബി ഗോൾകീപ്പർ അബ്ദുൽ ഗഫൂറിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ കളി ചൂടുപിടിച്ച് തുടങ്ങിയപ്പോൾ തന്നെ ലഭിച്ച ലീഡ് കൈവിടാതിരിക്കാൻ ഖാദിസിയ പ്രതിരോധം ശക്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ അൽ അറബി ആവുംവിധം പൊരുതി നോക്കിയെങ്കിലും ഖാദിസിയൻ കോട്ട പൊളിക്കാൻ കഴിഞ്ഞില്ല.
ടൂർണമെൻറിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് നേടിയിട്ടുള്ളത് അൽ അറബിയും ഖാദിസിയയും കുവൈത്ത് സ്പോർട്സ് ക്ലബുമാണ്. 16 തവണ വീതം ഖാദിസിയയും അൽ അറബിയും ജേതാക്കളായപ്പോൾ കുവൈത്ത് സ്പോർട്സ് ക്ലബ് 14 തവണ കിരീടം ചൂടിയിട്ടുണ്ട്. കിരീട നേട്ടത്തിൽ ഒറ്റക്ക് ഒന്നാം സ്ഥാനത്ത് നിൽക്കാനുള്ള അവസരമാണ് ഖാദിസിയക്ക് കൈവന്നിട്ടുള്ളത്. കഴിഞ്ഞ വർഷം സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടത്തിയതെങ്കിൽ ഇത്തവണ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
സ്റ്റേഡിയത്തിെൻറ ശേഷിയുടെ 30 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കു മാത്രമാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.