പിടികൂടിയ മദ്യം
കുവൈത്ത് സിറ്റി: രാജ്യത്തെ മദ്യക്കച്ചവടത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കി സുരക്ഷാ സേന. കഴിഞ്ഞ ദിവസം രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 156 കുപ്പി മദ്യം അധികൃതർ പിടികൂടി. ജലീബ് അൽ ശുയൂഖിൽ നടന്ന ആദ്യ സംഭവത്തിൽ, പൊലീസ് പട്രോളിങ് സംഘം ഒരു വാഹനത്തിൽ നിന്ന് 109 കുപ്പി വിദേശ നിർമിത മദ്യം പിടിച്ചെടുത്തു. പൊലീസ് വാഹനം എത്തിയപ്പോൾ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
വെസ്റ്റ് അബ്ദുല്ല അൽ മുബാറക്കിൽ നടന്ന മറ്റൊരു സംഭവത്തിൽ കാറിൽ നിന്ന് 47 കുപ്പി പ്രാദേശികമായി നിർമിച്ച മദ്യം കണ്ടെടുത്തു. ഇവിടെയും വിൽപനക്കാരൻ പൊലീസിനെ കണ്ടപ്പോൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
രണ്ട് വാഹനങ്ങളുടെയും രജിസ്റ്റേർഡ് ഉടമകളെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യം വിൽക്കാൻ ശ്രമിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തു. കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ദിവസങ്ങൾക്കു മുമ്പ് രാജ്യത്ത് നിയമവിരുദ്ധമായി നിർമിച്ച മദ്യം കഴിച്ച് 23 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതര രോഗങ്ങൾ പിടിപെടുകയും ചെയ്തിരുന്നു. സംഭവത്തിൽ 160 പേരാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ആശുപത്രിയിലുള്ള പലർക്കും വെന്റിലേറ്ററുകളും അടിയന്തര വൃക്ക ഡയാലിസിസും ആവശ്യമായി വന്നു. പലർക്കും കാഴ്ച നഷ്ടപ്പെട്ടു.
തുടർന്ന നടത്തിയ പരിശോധനയിൽ 67 പേരെ അറസ്റ്റു ചെയ്തിരുന്നു. നിരവധി മദ്യനിർമാണ കേന്ദ്രങ്ങളും പരിശോധനയിൽ കണ്ടെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും പരിശോധനകൾ ശക്തമാക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.