കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന്റെ അർധവാർഷിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 7,98,000 നേരിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അൽജാരിദ പത്രമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ കാലയളവിൽ രേഖപ്പെടുത്തിയ ട്രാഫിക് അപകടങ്ങളുടെ എണ്ണം 37,000 ആണ്.
രാജ്യത്ത് റോഡപകടങ്ങൾ കുറക്കാൻ അധികൃതർ കൃത്യമായി ഇടപെട്ടുവരുകയാണ്. നിയമലംഘകർക്കെതിരെ പിഴയും തടവും അടക്കമുള്ള നടപടി കർശനമാക്കിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴശിക്ഷ ഉയർത്തിയതും, വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും നിയമം ലംഘിക്കുന്ന വാഹനങ്ങളും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുന്നതും ആളുകളെ ഗതാഗത നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്നതായി കണക്കാക്കുന്നു. നിയമ ലംഘനങ്ങൾ കണ്ടെത്താൻ പുതിയ കാമറകൾ സ്ഥാപിച്ചതും ഗുണം ചെയ്തു.
2022ൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 4,237,454 ട്രാഫിക് ലംഘനങ്ങളാണ്. ഇതിൽ നേരിട്ടുള്ള ലംഘനങ്ങളുടെ എണ്ണം 1,384,842ഉം പരോക്ഷമായ ലംഘനങ്ങൾ 2,852,612ഉം ആണ്. വേഗപരിധി ലംഘിച്ച 2,653,005 കേസുകൾ രജിസ്റ്റർ ചെയ്തു. മറ്റു വകുപ്പുകളിലായി 2,36,294 ഗതാഗത ലംഘനങ്ങളും രേഖപ്പെടുത്തി.
5,076 കാറുകളും 798 മോട്ടോർ സൈക്കിളുകൾ കണ്ടുകെട്ടി. വാഹനാപകടങ്ങളിൽ 322 പേർ മരിക്കുകയുമുണ്ടായി. 2021ൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 323 ആണ്. 2020ൽ 352 പേർ അപകടത്തിൽ മരിച്ചിരുന്നു. 2019ൽ 365, 2018ൽ 401, 2017ൽ 424, 2016ൽ 429 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.
ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കുക, റെഡ് സിഗ്നൽ ലംഘിച്ച് വാഹനമോടിക്കുക, അമിത വേഗത്തിൽ പോവുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ. നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാനും കുറ്റകൃത്യങ്ങൾ മറച്ചുവെക്കരുതെന്നും പൗരന്മാരോടും താമസക്കാരോടും അധികൃതർ ആവശ്യപ്പെട്ടു. എമർജൻസി ഫോൺ നമ്പറായ 112, അടുത്തുള്ള പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവരം അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.